കേരളത്തിൽ ലഭിച്ച സ്നേഹത്തിന്റെ ഇരട്ടി തിരിച്ചുകൊടുത്ത് സൗദി പൗരന്മാർ
text_fieldsഇഫ്താർ വിരുന്നൊരുക്കിയ സൗദി പൗരന്മാരും അതിഥികളായ മലയാളികളും
അബഹ: കേരളത്തിൽ ചികിത്സക്കായ് പോയപ്പോൾ അവിടെനിന്ന് ലഭിച്ച ഊഷ്മളമായ ആതിഥേയത്വത്തിന്റെയും സ്നേഹത്തിന്റെയും ഇരട്ടി സൗദിയിൽ തിരിച്ചുനൽകി ഒരുകൂട്ടം സ്വദേശികൾ. സൗദി തെക്കൻ പ്രവിശ്യയായ അസീറിലെ റിജാൽ അൽമയിലെ ബത്തീലയിൽ നാല് പതിറ്റാണ്ടിലേറെയായി ഈസ മുഹാവി, ദുറ എന്നീ സൂപ്പർമാർക്കറ്റുകൾ നടത്തുന്ന മലപ്പുറം തിരുരങ്ങാടി ചെറുമുക്ക് സ്വദേശികളായ ഇബ്രാഹിം നീലങ്ങത്ത്, വി.പി. മൊയ്തീൻ കുട്ടി, ബീരാൻ നീലങ്ങത്, ഇസ്ഹാക്ക് നീലങ്ങത്ത് എന്നിവർക്കും അവരുടെ സഹപ്രവർത്തകർക്കുമാണ് പ്രദേശത്തെ സൗദി പൗരന്മാരുടെ സ്നേഹം ആവോളം നുകരാൻ അവസരമുണ്ടായത്. റമദാനിൽ ഒരു സവിശേഷ ഇഫ്താർ വിരുന്നൊരുക്കിയാണ് സൗദികൾ അവരുടെ സ്നേഹം പ്രകടിപ്പിച്ചത്.
സൂപ്പർമാർക്കറ്റിൽ സ്ഥിരമായി സാധനങ്ങൾ വാങ്ങാനെത്തുന്ന സ്വദേശി പൗരന്മാരായ ആമിർ, ഹായിള് എന്നിവർ കണ്ണിന്റെ ചികിത്സക്കായി ഇന്ത്യയിൽ പോകണം എന്ന ആവശ്യവുമായി ഒരിക്കൽ ഈ മലയാളികളെ സമീപിച്ചു. ഇതിന് മുമ്പും പല സൗദി പൗരന്മാരെയും ചികിത്സക്കായി ഇവർ കേരളത്തിൽ എത്തിച്ചിട്ടുള്ള പരിചയം ഇവർക്കുണ്ട്. ആ അനുഭവസമ്പത്തിന്റെ ബലത്തിൽ സ്വദേശികളുടെ ആവശ്യം അവർ ഏറ്റെടുക്കുകയും പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികത്സക്കുള്ള സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു.
കൂടാതെ നേരത്തെ ബത്തീലയിൽ പ്രവാസിയായശേഷം മതിയാക്കി നാട്ടിൽ കഴിയുന്ന വി.പി. അബ്ദുൽ മജീദിനെ സഹായത്തിനായി ചുമതലപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. കേരളത്തിലെത്തിയ സൗദി പൗരന്മാരെ മലയാളികളുടെ ആതിഥ്യമര്യാദയും സ്നേഹവും അമ്പരിപ്പിച്ചു. അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും മികച്ച രീതിയിൽ സൽക്കരിക്കുകയും ചെയ്തു. കൂടാതെ ബന്ധുക്കളുടെയും തങ്ങളോടൊപ്പം ജോലി ചെയ്യുന്നവരുടെയുമൊക്കെ വീടുകളിലും സൽക്കാരങ്ങൾ ഒരുക്കി. സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു എന്ന് പറയുന്നതാവും ശരി.
കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, ഗ്രാമപ്രദേശങ്ങൾ എന്നിവയിലേക്കെല്ലാം കൂട്ടിക്കൊണ്ടുപോവുകയും നാടിന്റെ സൗന്ദര്യം നുകരാനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്തു.
ചികിത്സക്കായി പോയത് അങ്ങനെ വിനോദയാത്ര കൂടിയായി മാറി. യാത്രകഴിഞ്ഞ് മടങ്ങുമ്പോൾ അവരുടെ മനസിൽ നിറഞ്ഞത് ഇന്ത്യാക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഊഷ്മള ആതിഥ്യവും സ്നേഹവുമാണ്. തിരിച്ച് സൗദിയിലെത്തിയ അവർ ഇന്ത്യക്കാരിൽനിന്ന് തങ്ങൾക്ക് ലഭിച്ച പരിഗണന പ്രദേശ വാസികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും പങ്കുവെച്ചു. കേട്ടവരുടെയെല്ലാം മനസ്സുകൾ കുളിർമയണിഞ്ഞു.
സൗദി പൗരന്മാർ ഒരുക്കിയ ഇഫ്താർ വിരുന്ന്
പകരം സ്നേഹത്തിന്റെ വിരുന്നൊരുക്കാൻ അവർ റമദാൻ ദിനമാണ് തെരഞ്ഞെടുത്തത്. സ്വദേശി പൗരന്മാർ അവരുടെ വീടുകളിലേക്ക് മലയാളികളെ ഇഫ്താറിന് ക്ഷണിച്ചു. ചെന്നവർക്ക് ഊഷ്മള വരവേൽപ് നൽകി. അത്തർപൂശിയും ബൊക്കെ നൽകിയും സ്വീകരിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നും. എല്ലാവരും പരസ്പരം ആശ്ലേഷിച്ചു. ഒരു സ്വദേശി ബ്ലോഗർ ഈ വിരുന്നിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് കണ്ട് നിരവധി സൗദികൾ മലയാളികളെ കടകളിൽ നേരിട്ടെത്തി അനുമോദിച്ചു. അഷ്റഫ്, മുഹമ്മദ് ഷിഫിൻ, ഷംസുദ്ദീൻ, ഇബ്രാഹിംകുട്ടി എന്നിവരും നോമ്പ് തുറയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.