3,01,325 കാപ്റ്റഗൺ ഗുളികകൾ പിടികൂടി സൗദി കസ്റ്റംസ്
text_fieldsദമ്മാം കിങ് ഫഹദ് കോസ്വേ വഴി വാഹനത്തിന്റെ ടയർ കമ്പാർട്മെന്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കാപ്റ്റഗൺ ഗുളികകൾ അധികൃതർ പിടിച്ചെടുത്തപ്പോൾ
ജിദ്ദ: രാജ്യത്തേക്ക് 3,01,325 കാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടിച്ചെടുത്തു. ജോർഡനിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന അൽഹദീത അതിർത്തി ചെക്ക് പോസ്റ്റ്, ബഹ്റൈനിൽ നിന്ന് സൗദിയിലേക്കുള്ള ദമ്മാം കിങ് ഫഹദ് കോസ്വേ എന്നിവയിലൂടെ രാജ്യത്തേക്ക് ഗുളികകൾ കടത്താനാണ് ശ്രമം നടന്നത്.
കിങ് ഫഹദ് കോസ്വേ വഴി എത്തിയ ഒരു വാഹനത്തിന്റെ സ്പെയർ ടയർ കമ്പാർട്മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 2,09,759 ഗുളികകൾ ആദ്യ ശ്രമത്തിൽ കണ്ടെത്തിയതായി സാറ്റ്ക വക്താവ് ഹമൗദ് അൽഹർബി പറഞ്ഞു. രണ്ടാമത്തെ കേസിൽ അൽഹദീത അതിർത്തി ക്രോസിങ്ങിൽ ഒരു ബസിന്റെ ചില ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 91,566 ഗുളികകളും കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോളുമായി സാറ്റ്ക ഏകോപിപ്പിച്ചു സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ പിടികൂടി അറസ്റ്റ് ചെയ്തു.
സുരക്ഷ വർധിപ്പിക്കുന്നതിനും മയക്കുമരുന്നുകളുടെയും മറ്റു നിരോധിത വസ്തുക്കളുടെയും അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള തന്ത്രത്തിന് അനുസൃതമായി കള്ളക്കടത്ത് ശൃംഖലകൾക്കെതിരെ അതോറിറ്റി ഉറച്ചുനിൽക്കുന്നതായും ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതായും അൽഹർബി സ്ഥിരീകരിച്ചു.
കള്ളക്കടത്ത് തടയുന്നതിന് പൊതുജനങ്ങൾ അവരുടെ ഹോട്ട്ലൈൻ (1910), ഇമെയിൽ (1910@zatca.gov.sa), അന്താരാഷ്ട്ര നമ്പർ (+9661910) എന്നിവയിലൂടെ റിപ്പോർട്ട് ചെയ്യണമെന്നും സാറ്റ്ക അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർക്ക് കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും കൂടാതെ കൃത്യമാണെന്ന് തെളിയിക്കുന്ന വിവരം നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.