സൗദി ഡാക്കർ റാലി ചെങ്കടൽ തീരത്തുനിന്ന് ഡിസം. 31 മുതൽ
text_fieldsയാംബു: ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് കാർ റാലിയായ 'സൗദി ഡാക്കർ റാലി 2023' ഡിസംബർ 31-ന് തുടക്കം കുറിക്കും. 68 രാജ്യങ്ങളിൽ നിന്നുള്ള 820 ഡ്രൈവർമാരും നാവിഗേറ്റർമാരും പങ്കെടുക്കുന്ന റാലിയുടെ 45-ാത് എഡിഷൻ സൗദിയുടെ വടക്കു പടിഞ്ഞാറൻ ചെങ്കടൽ തീരത്ത് പ്രത്യേകം തയാറാക്കിയ 'അൽ-ബഹ്ർ ക്യാമ്പി'ൽ നിന്നാണ് ആരംഭിക്കുന്നത്. ജനുവരി 15-ന് ദമ്മാമിൽ റാലി അവസാനിക്കും. തുടർച്ചയായ നാലാമത്തെ വർഷമാണ് സൗദി മരുഭൂമി ഡാക്കർ റാലിക്ക് വേദിയാകുന്നത്. റാലിയുടെ സംഘാടകരായ സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയും അമോറി സ്‌പോർട്‌സ് ഓർഗനൈസേഷനും റാലിക്ക് വേണ്ടി നടത്തിയ ഒരുക്കത്തിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടു.
ഈ വർഷത്തെ റാലിയിൽ 14 ഘട്ടങ്ങളുണ്ടെന്നും ചെങ്കടൽ തീരത്ത് പ്രത്യേകം ട്രാക്ക് അതിനായി ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ പർവതപ്രദേശങ്ങളിലെ അൽ-ബഹർ ക്യാമ്പിൽനിന്ന് പ്രാഥമിക യാത്രയോടെയാണ് ഡ്രൈവർമാർ മാർച്ച് ആരംഭിക്കുന്നത്. തെക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് അൽഉല, ഹാഇൽ, ദവാദ്മി, റിയാദ്, ഹറാദ്, റുബുൽ ഖാലി, ഷൈബ, ഹുഫൂഫ്, ദമ്മാം എന്നിവിടങ്ങളിലൂടെ കടന്നുപോകും. മത്സരത്തിൽ പങ്കെടുക്കുന്നവർ വിവിധ പ്രദേശങ്ങളിലൂടെ സാഹസിക യാത്ര നടത്തും.
വൈവിധ്യമാർന്ന രാജ്യാന്തര കായിക മേളയിലെ ഏറ്റവും വലിയ ഇനങ്ങളിലൊന്ന് കൂടിയാണ് ഡാക്കർ റാലി. 125 മോട്ടോർ സൈക്കിളുകൾ, 19 ക്വാഡ് ബൈക്കുകൾ, 73 റേസിങ് കാറുകൾ, 56 ട്രക്കുകൾ, 47 ടിത്രീ വാഹനങ്ങൾ, 46 ടിഫോർ വാഹനങ്ങൾ അടക്കം 455 വാഹനങ്ങളാണ് ഡാക്കർ റാലിയിൽ പങ്കെടുക്കുന്നത്. കൂടാതെ ടിഫോർ വിഭാഗത്തിൽ 76 വാഹനങ്ങളും ഡാകർ ക്ലാസിക്, ട്രക്ക് വിഭാഗത്തിൽ 13 വാഹനങ്ങളും മത്സരത്തിൽ മാറ്റുരക്കും. പൂർണമായും സ്ത്രീകളടങ്ങുന്ന അഞ്ച് സംഘങ്ങൾ ഇത്തവണ റാലിയിൽ സാന്നിധ്യം അറിയിക്കുന്നതും 54 സ്ത്രീകൾ ഡാക്കർ റാലിയിൽ മത്സരാർഥികളായി എത്തുന്നതും അതിൽ 34 പേർ ഡക്കാർ ക്ലാസിക് വിഭാഗത്തിൽ പോരിനൊരുങ്ങുന്നതും ഇത്തവണത്തെ വേറിട്ട സവിശേഷതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.