സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് 15.1 കോടി മരങ്ങൾ രാജ്യത്താകെ നട്ടുപിടിപ്പിച്ചു
text_fieldsയാംബു: ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ കീഴിൽ ഇതുവരെ 15.1 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും അഞ്ചുലക്ഷം ഹെക്ടർ ഭൂമി പുനർജീവിപ്പിക്കുകയും ചെയ്തു. രാജ്യത്ത് മൊത്തം ആയിരം കോടി മരങ്ങൾ നടാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണിത് പൂർത്തിയാക്കിയതെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഫാദിലി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം, ജല സുസ്ഥിരത, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ദേശീയ പരിസ്ഥിതി തന്ത്രത്തിനുകീഴിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഡിലീസ്റ്റിലെ ആദ്യ റീജനൽ സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്, ലോകത്തെ നാലാമത്തെ റീജനൽ സെന്റർ ഫോർ സാൻഡ് ആൻഡ് ഡസ്റ്റ് സ്റ്റോം എന്നിവയുൾപ്പെടെ അഞ്ച് പ്രത്യേക പരിസ്ഥിതി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംരക്ഷിത ഭൂപ്രദേശങ്ങൾ രാജ്യത്തിന്റെ 4.5 ശതമാനം വിസ്തൃതിയിൽനിന്ന് 18.1 ശതമാനമായി ഉയർന്നു. കൂടാതെ ദേശീയ പാർക്കുകളുടെ എണ്ണം 18-ൽനിന്ന് 500 ആയി വർധിച്ചു. 2020-ൽ നാഷനൽ സെന്റർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് സ്ഥാപിതമായതിനുശേഷം 40,000 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. ഇത് 660 ശതമാനത്തിന്റെ വർധനയാണ് സൂചിപ്പിക്കുന്നത്.
സംരക്ഷിത മേഖലകൾ 260 ശതമാനം വളർന്നതിനാൽ 2016 മുതൽ വംശനാശഭീഷണി നേരിടുന്ന 8,000 ജീവികളെ അവയുടെ സ്വാഭാവിക സമുദ്ര ആവാസ വ്യവസ്ഥകളിലേക്ക് പുനഃസ്ഥാപിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും നിരീക്ഷണ സേവനങ്ങൾ വികസിച്ചു. ഇപ്പോൾ 240 വായുഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ, എണ്ണ ചോർച്ച കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ഒരു പുതിയ സമുദ്ര പരിപാടി, വിപുലമായ കാലാവസ്ഥാ സംവേദന, പ്രവചന സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരതല മാലിന്യ സംസ്കരണത്തിലും പുതിയ വികസനങ്ങൾ പൂർത്തിയാക്കി. വർഷം 40 ലക്ഷം ഘനമീറ്റർ ശേഷിയുള്ള 1,000 മഴവെള്ള സംഭരണ അണക്കെട്ടുകൾ സൗദി നിർമ്മിക്കുന്നുണ്ടെന്ന് മന്ത്രി പ്രഖ്യാപിച്ചു.
അടിസ്ഥാന സൗകര്യങ്ങൾക്കും പുനരുപയോഗ സംവിധാനങ്ങൾക്കുമുള്ള പൊതു, സ്വകാര്യ മേഖലാ നിക്ഷേപങ്ങൾ ഉൾപ്പെടെ 23 കോടി റിയാൽ വിലമതിക്കുന്ന ജല പദ്ധതികൾ പൂർത്തിയായതായും മന്ത്രി സ്ഥിരീകരിച്ചു. ജല സുസ്ഥിരതക്കുള്ള ആഗോള മാതൃകയായി യു.എൻ ജലസമിതി സൗദി അറേബ്യയെ തെരഞ്ഞെടുത്തത് ഏറെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഊർജ ഉപഭോഗം കുറക്കുന്നതും രാജ്യത്തിന്റെ വലിയ ശ്രദ്ധാകേന്ദ്രമാണ്.
2016 മുതൽ ഉപഭോഗം പകുതിയായി കുറക്കാൻ കഴിഞ്ഞു. കാർഷിക മേഖല ഇപ്പോൾ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 118,000 കോടി റിയാലാണ്. മുൻ വർഷത്തേക്കാൾ എട്ട് ശതമാനം വർധനവ്, ഭക്ഷ്യ ഉൽപാദനം 1.2 കോടി ടണ്ണായി വർധിച്ചു. ഈത്തപ്പഴ ഉൽപാദനത്തിലും വിതരണത്തിലും പാലിലും മുട്ടയിലും പൂർണമായും സ്വയംപര്യാപ്തത നേടിയ രാജ്യം ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഈത്തപ്പഴ കയറ്റുമതിക്കാരായി എന്നതാണ് ഒരു പ്രധാന സാമ്പത്തിക, സാംസ്കാരിക നേട്ടമായി വിലയിരുത്തുന്നു. പ്രധാന പച്ചക്കറികളുടെ സ്വയംപര്യാപ്തത 70 മുതൽ 100 ശതമാനം വരെയായിരുന്നു. കോഴി, സമുദ്രവിഭവ കയറ്റുമതി വർദ്ധിച്ചുവരികയായിരുന്നുവെന്നും മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഫാദിലി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.