സൗദി മീഡിയ ഫോറം അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരിയിൽ
text_fieldsസൗദി മീഡിയ ഫോറം അന്താരാഷ്ട്ര സമ്മേളനം (ഫയൽ)
റിയാദ്: സൗദി മീഡിയ ഫോറത്തിന്റെ അടുത്ത അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി രണ്ട് മുതൽ നാലുവരെ റിയാദിൽ നടക്കും. 250 പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ പങ്കെടുക്കും. കൂടാതെ മാധ്യമ മേഖലയിൽനിന്നുള്ള നിർണായക തീരുമാനമെടുക്കാൻ അധികാരമുള്ളവരും സാങ്കേതികവിദ്യ, നവീകരണ കമ്പനികളുടെ പ്രതിനിധികളും വിശിഷ്ട സാന്നിധ്യവുമുണ്ടാകും. മുൻ പതിപ്പുകളുടെ ശ്രദ്ധേയമായ വിജയങ്ങളെ അടിസ്ഥാനമാക്കി മാധ്യമങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാവി പ്രവചിക്കുന്നതിനുള്ള ഒരു നിർണായക അന്താരാഷ്ട്ര വേദി എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഈ ഫോറം ഉൾക്കൊള്ളുന്നു.
മാധ്യമ മേഖലക്ക് ലഭിച്ച വലിയ പിന്തുണക്ക് മാധ്യമ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽദോസാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു. മാധ്യമ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും അതിന്റെ സ്വാധീനം വികസിപ്പിക്കുന്നതിനും സൗദി ഭരണകൂടം ഗുണപരമായ പ്രോത്സാഹനമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നു.ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള മാധ്യമ മേഖലയിലെ വൈദഗ്ധ്യം പങ്കുവെക്കുന്നതിനും സംവാദത്തിനുമുള്ള ഒരു ആഗോള വേദിയായാണ് അടുത്ത പതിപ്പ് ഒരുക്കുകയെന്ന് മന്ത്രി സൂചിപ്പിച്ചു. സമകാലിക മാധ്യമങ്ങൾ സാക്ഷ്യംവഹിക്കുന്ന പ്രധാന പരിവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.
‘മാറുന്ന ലോകത്തിലെ മാധ്യമങ്ങൾ’ ഈ മേഖലയിൽ സംഭവിക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾ ഉള്ളടക്ക സൃഷ്ടിയുമായി ഒത്തുചേരുമ്പോൾ ഇത് മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും പുതിയ വെല്ലുവിളികളും അവസരങ്ങളും ഉയർത്തുന്നു. ഈ ഘട്ടവുമായി പൊരുത്തപ്പെടുന്നതും മാധ്യമങ്ങളുടെ സ്വാധീനത്തിന്റെയും സുസ്ഥിരതയുടെയും വർധനവ് ഉറപ്പാക്കുന്നതുമായ നൂതന തന്ത്രങ്ങളുടെ വികസനം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഉള്ളടക്ക സൃഷ്ടിയിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിപുലീകൃത യാഥാർഥ്യത്തിന്റെയും പ്രയോഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലും മാധ്യമ ഉൽപാദനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിലും ത്വരിതഗതിയിലുള്ള ആഗോള ഡിജിറ്റൽ പരിവർത്തനങ്ങൾക്കൊപ്പം മുന്നേറുന്നതിലും ഫോറം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൗദി മീഡിയ ഫോറം ചെയർമാനും സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സി.ഇ.ഒയുമായ മുഹമ്മദ് അൽഹാരിതി പറഞ്ഞു.
പ്രക്ഷേപണം, ഉൽപാദനം, വിതരണം എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന ഇന്നൊവേഷൻ സോണിന് പുറമേ 100 പ്രത്യേക സെഷനുകളും വർക്ക്ഷോപ്പുകളും ഫോറത്തിൽ ഉണ്ടായിരിക്കും. സൗദി പ്രതിഭകളെ പിന്തുണക്കുന്നതിനും അന്താരാഷ്ട്ര മാധ്യമ സഹകരണത്തിന് വിശാലമായ ചക്രവാളങ്ങൾ തുറക്കുന്നതിനുമായി അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെക്കുമെന്നും അൽഹാരിതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.