വ്യോമാഭ്യാസത്തിൽ സൗദി സേനയും പങ്കുചേരുന്നു
text_fieldsയു.എ.ഇയിൽ ‘ഡെസേർട്ട് ഫ്ലാഗ്’ വ്യോമാഭ്യാസ പ്രകടനത്തിനെത്തിയ സൗദി സേനയുടെ ദൃശ്യങ്ങൾ
ജിദ്ദ: യു.എ.ഇയിൽ നടക്കുന്ന ‘ഡെസേർട്ട് ഫ്ലാഗ്’ സംയുക്ത വ്യോമാഭ്യാസത്തിൽ സൗദി പ്രതിരോധസേന 10 രാജ്യങ്ങളിൽനിന്നുള്ള സംഘങ്ങളുമായി പ്രകടനങ്ങളിൽ പങ്കുചേരുന്നു. ഏപ്രിൽ 21 മുതൽ യു.എ.ഇയിലെ അൽ ദഫ്ര എയർ ബേസിൽ ആരംഭിച്ച ബഹുരാഷ്ട്ര സൈനികാഭ്യാസ പ്രകടനത്തിൽ ഇന്ത്യൻ വ്യോമസേനയും പങ്കെടുക്കുന്നുണ്ട്. സേനകൾ തമ്മിലുള്ള പരസ്പര സഹകരണം, ആഗോള വ്യോമസേനകളുമായുള്ള അറിവ് പങ്കിടൽ എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അഭ്യാസ പ്രകടനം നടക്കുന്നത്.
റോയൽ സൗദി വ്യോമസേനയും റോയൽ സൗദി വ്യോമ പ്രതിരോധസേനയും പങ്കെടുക്കുന്നുണ്ട്. ഖത്തർ, ബഹ്റൈൻ, തുർക്കിയ, യു.എസ്, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.കെ, ആസ്ട്രേലിയ, ജർമനി എന്നിവയാണ് പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. രാജ്യങ്ങളുടെ സംയുക്ത പ്രകടനത്തിൽ സൈനിക അഭ്യാസങ്ങൾക്കായുള്ള അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി തയാറെടുപ്പുകൾ നടത്തിയതായി സൗദി വ്യോമസേനാ കമാൻഡർ ലെഫ്റ്റനന്റ് കേണൽ പൈലറ്റ് ഫൈസൽ അൽ മർവാനി പറഞ്ഞു.
യഥാർഥ യുദ്ധസാഹചര്യങ്ങളിൽ സൈനിക വൈദഗ്ദ്ധ്യം കൈമാറുന്നതിനും സന്നദ്ധത വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി സൗദി വ്യോമസേന ആറ് എഫ്-15 സി യുദ്ധവിമാനങ്ങളെ സൈനികരുമായി വിന്യസിച്ചിട്ടുണ്ടെന്ന് അൽ മർവാനി കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ മുൻനിരയിലുള്ള വ്യോമാസേനകളുമായുള്ള പരസ്പര പ്രവർത്തനക്ഷമതയും ദൗത്യ നിർവഹണത്തിലെ വൈദഗ്ധ്യവും വിവിധ സേനകൾക്ക് കൂടുതൽ കരുത്തുപകരാനും യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ സഹായകമാകുമെന്ന് വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.