സൗദി മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസ മടങ്ങിയെത്തി; അവ്യക്തത ബാക്കി
text_fieldsറിയാദ്: മൾട്ടിപ്ൾ റീഎൻട്രി വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പോർട്ടലിൽ മടങ്ങിയെത്തി. ഇക്കഴിഞ്ഞ ജനുവരി 31 മുതൽ ഇന്ത്യയടക്കം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒഴിവാക്കിയ സൗകര്യമാണ് ചൊവ്വാഴ്ച പുനഃസ്ഥാപിക്കപ്പെട്ടത്. വിസക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ട്.
എന്നാൽ അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽനിന്ന് വിസ സ്റ്റാമ്പ് ചെയ്തുകിട്ടിയാലേ മൾട്ടിപ്ൾ റീഎൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയാനാവൂ. മൾട്ടിപ്ൾ റീഎൻട്രി ഓപ്ഷൻ ഒഴിവാക്കി സിംഗിൾ എൻട്രി വിസ അപേക്ഷകൾ മാത്രം സ്വീകരിച്ച കഴിഞ്ഞ 18 ദിവസത്തിനിടയിൽ അതിന്റെ കാരണമെന്താണെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല.
ഹജ്ജിന് മുന്നോടിയായുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. ഓപ്ഷൻ ഒഴിവാക്കിയതുപോലും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.
വിസക്ക് അപേക്ഷിക്കാൻ ശ്രമിച്ചവരാണ് ഈ വിവരം പുറത്തറിയിച്ചതും അവരെ ആശ്രയിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകിയതും. ഇപ്പോൾ പുനഃസ്ഥാപിക്കപ്പെട്ട വിവരവും അങ്ങനെയാണ് പുറത്തറിഞ്ഞത്. ഇന്നലെ മുതൽ കിട്ടിത്തുടങ്ങിയ വിസകൾ ഇനി വി.എഫ്.എസ് വഴി സൗദി കോൺസുലേറ്റിലെത്തി സ്റ്റാമ്പിങ് നടപടികൾ പൂർത്തിയാകുന്നതോടെ കാര്യങ്ങൾ വ്യക്തമാകും.
സൗദിയിലേക്ക് ഒരേ സന്ദർശനവിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്നതാണ് മൾട്ടിപ്ൾ എന്ട്രി വിസിറ്റ് വിസ. ഫാമിലി, ബിസിനസ്, വ്യക്തിഗതം എന്നിങ്ങനെ മൂന്ന് വിഭാഗം സന്ദര്ശകവിസകളാണുള്ളത്. ഒറ്റ തവണ വന്ന് ഒരു മാസമോ പരമാവധി മൂന്നുമാസം വരെയോ നിൽക്കാൻ അനുവദിക്കുന്നതാണ് സിംഗിൾ എൻട്രി വിസിറ്റ് വിസ. മൾട്ടിപ്പിളാവുമ്പോൾ ഓരോ മൂന്നുമാസം കൂടുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചെത്തുമ്പോൾ താനെ പുതുക്കപ്പെടും.
അങ്ങനെ മൂന്നു തവണ ചെയ്ത് പരമാവധി ഒരു വർഷം വരെ നിൽക്കാനാവും. വിസ പോർട്ടലിൽ 365 ദിവസത്തേക്കുള്ള മൾട്ടിപ്ൾ റീഎൻട്രി വിസ എന്ന ഓപ്ഷനാണ് സിംഗിൾ എൻട്രി വിസക്ക് പുറമേ ഡ്രോപ് മെനുവിലുള്ളത്. അതാണ് ഇക്കഴിഞ്ഞ ജനുവരി 31 മുതൽ കാണാതായതും രണ്ടാഴ്ചക്ക് ശേഷം ഇപ്പോൾ പുനഃസ്ഥാപിക്കപ്പെട്ടതും.
പ്രവാസി തൊഴിലാളികൾക്കും അവരുടെ ആശ്രിത വിസയിലുള്ളവർക്കും ഭാരിച്ച തുക ലെവി ചുമത്താൻ തുടങ്ങിയതോടെ ഒട്ടേറെ വിദേശകുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനുശേഷം കുടുംബങ്ങൾക്കും ബിസിനസ്സുകാർക്കും മറ്റാവശ്യങ്ങൾക്കും വരുന്നവർക്കുമെല്ലാം മൾട്ടിപ്പ്ൾ എൻട്രി വിസിറ്റ് വിസ സൗകര്യപ്രദമായി.
നാട്ടിലെ സ്കൂൾ അവധിക്കാലത്താണ് കൂടുതലും കുടുംബങ്ങൾ ഇങ്ങനെ സൗദിയിലേക്ക് വരാറ്. ആ സീസൺ അടുത്തിരിക്കെ വിസയുടെ കാര്യത്തിലുണ്ടായ അനിശ്ചിതത്വം എല്ലാവരെയും ആശങ്കയിലാഴ്ത്തുകയായിരുന്നു. അതിനൊരു ആശ്വാസമായി വിസ ഓപ്ഷൻ തിരിച്ചെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.