ഇറാഖിനെതിരായ മത്സരത്തിന് സൗദി ദേശീയ ടീം സജ്ജം -പരിശീലകൻ റെനാർഡ്
text_fieldsസൗദി ടീം പരിശീലകൻ ഹെർവ് റെനാർഡ് ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: 2026 ലോകകപ്പ് ഫുട്ബാളിനുള്ള ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ ജിദ്ദയി കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച്ച ഇറാഖിനെ നേരിടാൻ സൗദി അറേബ്യൻ ടീം സജ്ജമായതായി പരിശീലകൻ ഹെർവ് റെനാർഡ് പറഞ്ഞു. ജിദ്ദയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പിന് യോഗ്യത നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നാണ് ഇന്നത്തെ മത്സരമെന്നും അദ്ദേഹം സൂചിപ്പിച്ചു. സമ്മർദത്തിൽ മത്സരിക്കുന്നത് ടീമിന് നല്ല കാര്യമാണ്. അബ്ദുറഹ്മാൻ അൽഅബൂദും മുഹമ്മദ് കാനോയും കഴിവുള്ളവരും പ്രധാനപ്പെട്ടവരുമാണ്. നിലവിലെ പട്ടിക പൂർത്തിയായെന്നും മത്സരത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരമാവധി പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും റെനാർഡ് പറഞ്ഞു.
വിജയം നേടാതെ തുടർച്ചയായ പ്രവർത്തനങ്ങൾ പൂർണമാകില്ല. സാലിഹ് അൽശഹ്‌രി, സാലിം അൽദൗസാരി, ഹസ്സൻ തംബക്തി തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. വിജയവും യോഗ്യതയും എന്ന ലക്ഷ്യത്തോടെ തയ്യാറെടുപ്പുകൾ ശാന്തമായും പൂർണ്ണ ശ്രദ്ധയോടെയും പുരോഗമിക്കുന്നുണ്ടെന്നും റെണാർഡ് പറഞ്ഞു.
ദേശീയ ടീമിന്റെ പരിശീലകനായി തിരിച്ചെത്തിയതിനുശേഷം കളിക്കാരിൽ തനിക്ക് വലിയ വിശ്വാസമുണ്ടെന്നും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ പിന്തുണയും വിശ്വാസവും തനിക്ക് ലഭിക്കുന്നുണ്ടെന്നും റെനാർഡ് പറഞ്ഞു. ഫുട്ബാൾ വെല്ലുവിളികളിൽ നിന്ന് മുക്തമല്ല. എന്നാൽ വെല്ലുവിളികളെ നേരിടുന്നത് എല്ലാവർക്കും അവരുടെ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടാനുള്ള പ്രചോദനവും ദൃഢനിശ്ചയവും നൽകുന്നുവെന്നും റെനാർഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

