സൗദി പണ്ഡിതനെ കുത്തിക്കൊന്ന് വീട് കൊള്ളയടിച്ചു; ഈജിപ്ഷ്യൻ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
text_fieldsവധശിക്ഷക്ക് വിധേയനാക്കിയ പ്രതി ഈജിപ്ഷ്യനായ മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫ്, ഡോ. അബ്ദുൽ മാലിക് ഖാദി
റിയാദ്: ഭവന ഭേദനം നടത്തി സൗദി പണ്ഡിതനെ കത്തികൊണ്ട് പലതവണ കുത്തി ക്രൂരമായി കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ ഘാതകന്റെ വധശിക്ഷ നടപ്പാക്കി. എഴുത്തുകാരനും യൂനിവേഴ്സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയെ വധിച്ച മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫ് എന്നയാളുടെ ശിക്ഷയാണ് സംഭവമുണ്ടായി 42ാം ദിവസം നടപ്പാക്കിയത്. ഭിന്നശേഷിക്കാരൻ കൂടിയായ പ്രഫസറുടെ മുൻ പരിചയക്കാരനായിരുന്നു ഡെലിവറി ജീവനക്കാരനായ പ്രതി.
കിങ് ഫഹദ് സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ വീട്ടിൽ ഭാര്യയോടൊപ്പം കഴിഞ്ഞുവരികെയാണ് 80 വയസുകാരനായ പ്രഫസർ കൊല്ലപ്പെട്ടത്. ദമ്മാമിലെ ദഹ്റാനിലുള്ള വീട്ടിൽവെച്ച് ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സംഭവം. ഈ വീടിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനെന്ന നിലയിൽ പ്രതിക്ക് പ്രഫസറെ മുൻ പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് വീട്ടിൽ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് മനസിലാക്കി മോഷണ ഉദ്ദേശത്തോടെ കടന്നുകയറുകയായിരുന്നു.
അപ്രതീക്ഷിതമായി വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ദമ്പതികളെ ആക്രമിച്ചു. 16 തവണയാണ് പ്രഫസറെ കുത്തിയത്. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയെ മർദിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതര മുറിവേറ്റ അവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. 42 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനു ശേഷം വീട്ടിൽനിന്ന് 3,000 റിയാൽ പ്രതി മോഷ്ടിച്ചു.
അന്ന് തന്നെ കിഴക്കൻ പ്രവിശ്യാ പൊലീസ് കുറ്റവാളിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. അതിവേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയ കേസിൽ വധശിക്ഷ വിധിച്ചു. ദമ്മാമിൽ വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. മുൻകൂർ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് തെളിയിക്കപ്പെട്ടിരുന്നു.
വേഗത്തിലുള്ളതും നിർണായകവുമായ ഒരു നീതിന്യായ പ്രക്രിയയാണ് നടന്നതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ദഹ്‌റാൻ നഗരത്തെയും പ്രത്യേകിച്ച് സൗദി അറേബ്യയെയും മുഴുവൻ പിടിച്ചുകുലുക്കിയ ഭയാനകമായ കുറ്റകൃത്യമായിരുന്നു ഇതെന്നും കുറ്റവാളിയുടെ ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഭയാനകതയും ഭീകരതയും കണക്കിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിനപ്പുറത്തേക്ക് വ്യാപിച്ചെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിരപരാധികളെ ആക്രമിക്കാനും അവരുടെ രക്തം ചിന്താനും സ്വത്ത് മോഷ്ടിക്കാനും ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കാനും ധൈര്യപ്പെടുന്ന ഏതൊരാൾക്കും ന്യായമായ ശിക്ഷയാണ് ഇതെന്നും ഇത് എല്ലാവർക്കും പാഠമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കിങ് ഫഹദ് സർവകലാശാലയിലെ ഇസ്ലാമിക പഠന വകുപ്പിൽ പ്രഫസറും മേധാവിയുമായിരുന്ന ഖാദി, ധാർമികതയും ഉദാരതയും കുടുംബത്തോടും ബന്ധുക്കളോടും ദയയും വിദ്യാർഥികളോട് വളരെ അടുപ്പവും സൂക്ഷിച്ചിരുന്ന അറിയപ്പെടുന്ന പണ്ഡിതനായിരുന്നു എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹദീസ് മേഖലയിൽ പണ്ഡിതോചിതമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം പഠനം, എഴുത്ത് എന്നിവ തുടരുകയും ‘ദ എൻസൈക്ലോപീഡിയ ഓഫ് പ്രോഫെറ്റിക് ഹദീസ്’, ‘ദ ഓതേഴ്സ് ഓൺ ദ സുന്നത്ത് ആൻഡ് ബയോഗ്രഫി’ എന്നീ വിജ്ഞാനകോശ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറെ അറിയപ്പെടുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.