അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ മെഡലുകൾ നേടിയ സൗദി ടീമിന് റിയാദിൽ ഊഷ്മള സ്വീകരണം
text_fieldsഅന്താരാഷ്ട്ര ഒളിമ്പ്യാഡിൽ മെഡലുകൾ നേടി തിരിച്ചെത്തിയ സൗദി ടീമിന് റിയാദ്
വിമാനത്താവളത്തിലൊരുക്കിയ സ്വീകരണം
റിയാദ്: ദക്ഷിണ കൊറിയയിലെ സിഹ്യംഗിൽ നടന്ന 2025 ലെ ഇന്റർനാഷനൽ സ്റ്റാൻഡേഡ്സ് ഒളിമ്പ്യാഡിൽ നിരവധി മെഡലുകൾ നേടിയ സൗദി ടീമിന് റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. ആഗസ്റ്റ് 12 മുതൽ 14 വരെ നടന്ന മത്സരത്തിൽ സൗദി ടീം രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ഒളിമ്പ്യാഡ് സ്വർണ മെഡൽ നേടി. കൂടാതെ രണ്ട് വെള്ളി മെഡലുകളും നേടി. ലോകമെമ്പാടുമുള്ള 40 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
വിമാനത്താവളത്തിൽ ടീമിനെ സ്വീകരിക്കാൻ കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നസ് ആൻഡ് ക്രിയേറ്റിവിറ്റിയുടെ (മൗഹിബ) സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് അൽക്രൈദിസ്, സൗദി സ്റ്റാൻഡേർഡ്സ്, മെറ്ററോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ), വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സൗദി അറേബ്യയിലെ മിഡിൽ സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലെ നാലു വിദ്യാർഥി ടീമുകളാണ് 20ാമത് ഒളിമ്പ്യാഡിൽ പങ്കെടുത്തത്. കർശനമായ പരിശീലനവും യോഗ്യതാ മാനദണ്ഡങ്ങളും വഴിയാണ് ഇവരെ ഒരുക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തത്. ഈ പങ്കാളിത്തം മൗഹിബ, വിദ്യാഭ്യാസ മന്ത്രാലയം, സാസോ എന്നിവയുടെ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായിരുന്നു.
രാജ്യത്തിന്റെ അന്താരാഷ്ട്ര ശാസ്ത്ര വേദികളിലേക്കുള്ള യാത്രയിലെ ഒരു ചരിത്ര നേട്ടമാണിതെന്നും, ആഗോള തലത്തിൽ മത്സരിക്കാൻ കഴിയുന്ന യുവപ്രതിഭകളുടെ സാധ്യതകൾ തെളിയിക്കുന്നതാണെന്നും വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട് മൗഹിബ സെക്രട്ടറി ജനറൽ അൽ ക്രൈദിസ് പറഞ്ഞു. കഴിഞ്ഞ വർഷം ആദ്യമായി ഈ മത്സരത്തിൽ പങ്കെടുത്ത സൗദി അറേബ്യ വെങ്കല മെഡലും അഭിനന്ദന സർട്ടിഫിക്കറ്റും നേടിയിരുന്നു. ഈ വർഷത്തെ നേട്ടം രാജ്യത്തിന്റെ ആദ്യ അന്താരാഷ്ട്ര ഒളിമ്പ്യാഡ് സ്വർണം എന്ന നിലയിൽ പ്രത്യേകം ശ്രദ്ധേയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.