ഭർത്താവിന്റെ രണ്ടാം ഭാര്യമാത്രമല്ല... നൂറയ്ക്ക്, തഖ്‌രീദ് കരളിന്റെ കഷ്ണം തന്നെയാണ്..
text_fieldsത്വാഇഫ്: ഭർത്താവ് രണ്ടാമത് വിവാഹം ചെയ്താൽ പിന്നീട് അതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഭർത്താവുമെല്ലാം വഴക്കും വക്കാണവും കൂടി കഴിയുന്ന അനുഭവമാണ് ഭൂരിപക്ഷ സംഭവങ്ങളിലും കാണാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ശ്രദ്ധേയമായ സംഭവമാണ് കഴിഞ്ഞ ദിവസം ത്വാഇഫിൽ ഉണ്ടായത്. ഭർത്താവ് വിവാഹം ചെയ്ത രണ്ടാം ഭാര്യക്ക് തന്റെ കരളിന്റെ 80 ശതമാനവും ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് മാജിദ് ബൽദാൻ അൽറോഖി എന്ന സൗദി പൗരന്റെ ആദ്യ ഭാര്യയായ നൂറ സാലിം അൽഷമ്മാരി. മാജിദ് ബൽദാന്റെ രണ്ടാം ഭാര്യയായ തഖ്‌രീദ് അവദ് അൽസാദി വൃക്ക തകരാറിനെ തുടർന്ന് നീണ്ടകാലമായി ചികിത്സയിലായിരുന്നു. വർഷങ്ങളോളം ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന ഇവർക്ക് തന്റെ കരളിന്റെ വലിയൊരു ഭാഗം ദാനം ചെയ്യാൻ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു മാജിദ് ബൽദാന്റെ ആദ്യ ഭാര്യ നൂറ സാലിം അൽഷമ്മാരി.
തന്റെ ഭാര്യ തഖ്‌രീദിന് വർഷങ്ങളായി വൃക്ക തകരാറിലാണെന്നും ഒരു വർഷമായി അമേരിക്കയിൽ ചികിത്സ നൽകിയെങ്കിലും വിജയിച്ചില്ലെന്നും മാജിദ് ബൽദാൻ അൽറോഖി പറഞ്ഞു. സൗദിയിൽ തിരിച്ചെത്തിയപ്പോൾ അവളുടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ തന്റെ ഒരു വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. 'ശസ്ത്രക്രിയയ്ക്കിടെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ അഞ്ച് കുട്ടികളുടെ ചുമതല ഞാൻ തന്നെ ഏൽപ്പിക്കുന്നുവെന്ന്' മാജിദ് ബൽദാൻ ആദ്യ ഭാര്യ നൂറ സാലിം അൽഷമ്മാരിയോട് പറഞ്ഞു. എന്നാൽ, തന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവർ തന്റെ കരളിന്റെ 80 ശതമാനവും തഖ്‌രീദിന് ദാനം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നുവെന്നു മാജിദ് ബൽദാൻ പറഞ്ഞു. മെഡിക്കൽ പരിശോധനകളിൽ നൂറ സാലിമിന്റെ ടിഷ്യു സ്വീകരിക്കൽ തഖ്‌രീദിന് അനുയോജ്യമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ‘തരിശായ മരുഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ അവൾ മഴ പോലെ വന്നു’ എന്നായിരുന്നു ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ രണ്ടാം ഭാര്യയുടെ ജീവൻ രക്ഷിക്കുന്നത്തിനായി ആദ്യ ഭാര്യ നൽകിയ സമ്മാനത്തെക്കുറിച്ച് മാജിദ് ബൽദാൻ അൽറോഖി പ്രതികരിച്ചത്. ഈ പ്രവൃത്തിയെ ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും അസാധാരണ പ്രകടനമായി പലരും പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.