ജിദ്ദയിൽ ‘സീ നൈറ്റ്സ്’ സാംസ്കാരികോത്സവത്തിന് കൊടിയേറി
text_fieldsജിദ്ദ: ജിദ്ദ സീസൺ ആഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ കടൽ തീരത്ത് ഒരുക്കുന്ന ‘സീ നൈറ്റ്സ്’ സാംസ്കാരികോത്സവത്തിന് തുടക്കം കുറിച്ചു. അറബ് സംസ്കാരവും പരമ്പരാഗത നാടോടി കലാവതരണങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ വൈവിധ്യമാർന്ന ഉല്ലാസ പരിപാടികളും കോർത്തിണക്കിയാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നത്.
കുട്ടികളുടെ വിവിധകലാപ്രകടങ്ങൾ, അക്രോബാറ്റിക് പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.
മെയ് 27 വരെ തുടരുന്ന മേളയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള ധാരാളം കലാകാരന്മാർ പങ്കെടുക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിലെ സ്വദേശികൾക്കും വിദേശികളായ താമസക്കാർക്കും പുത്തൻ അനുഭവമായിരിക്കും മേള. അറബ് പാരമ്പര്യരീതിയിൽ സജീകരിച്ചിരിക്കുന്ന നഗരിയിൽ വർണാഭമായ പ്രകാശ, ദൃശ്യ പ്രദർശനങ്ങളും ഉണ്ടായിരിക്കും. അറബ് ലോകം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മേളകളുടെ പ്രചോദനം ഉൾക്കൊണ്ടാണ് വേദി ഒരുക്കിയിരിക്കുന്നത്.
സീസണിലെ തീരദേശ പ്രവർത്തനങ്ങൾ ആസ്വദിക്കാൻ താൽപര്യമുള്ളവരെ ആകർഷിക്കുന്ന ഫുട്ബാൾ, ബീച്ച് വോളിബാൾ തുടങ്ങിയ കായിക മത്സരങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സൗദിയുടെ സർഗാത്മക രംഗം വികസിപ്പിക്കുന്നതിൽ ജിദ്ദ നഗരത്തിന്റെ പങ്ക് എടുത്തുകാണിക്കുന്ന വിധത്തിൽ ഒരുക്കുന്ന മേള വമ്പിച്ച ആവേശത്തോടെയാണ് സന്ദർശകർ വരവേൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.