സീസണൽ ഇൻഫ്ലുവൻസ വാക്സിനായി 'സെഹത്തി' ആപ്പ് വഴി ബുക്ക് ചെയ്യാം
text_fieldsജിദ്ദ: സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ഇപ്പോൾ 'സെഹത്തി' ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും മുൻകൂട്ടിയുള്ള അപ്പോയിന്റ്‌മെന്റ് എടുത്ത് വാക്സിൻ സൗജന്യമായി സ്വീകരിക്കാവുന്നതാണ്. ഇൻഫ്ലുവൻസയെ പ്രതിരോധിക്കുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും വാക്സിൻ നിർണായക പങ്കുവഹിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും, അതുവഴി മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയ രോഗികളിൽ 96 ശതമാനം പേരും വാക്സിൻ സ്വീകരിച്ചിട്ടില്ലായിരുന്നു. ഇത് വാക്സിനേഷന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.
വാക്സിൻ നിർബന്ധമായും എടുക്കേണ്ട ചില വിഭാഗങ്ങളെ മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. ദീർഘകാല രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ, 50 വയസ്സിനു മുകളിലുള്ളവർ, ആറു മാസം മുതൽ അഞ്ച് വയസ്സു വരെയുള്ള കുട്ടികൾ, ഗർഭിണികൾ, അമിതവണ്ണമുള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഇൻഫ്ലുവൻസയുടെ സങ്കീർണതകൾക്ക് കൂടുതൽ സാധ്യതയുള്ളവർ. ഈ വിഭാഗത്തിലുള്ളവർ നിർബന്ധമായും വാക്സിൻ എടുത്ത് സ്വന്തം ആരോഗ്യവും പൊതുജനാരോഗ്യവും സംരക്ഷിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. 'സെഹത്തി' ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ വാക്സിൻ ബുക്ക് ചെയ്ത് ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്സിനേഷൻ നേടാവുന്നതാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.