സെൽഫ് ഡ്രൈവിങ് ടാക്സിക്ക് തുടക്കം; റിയാദ് വിമാനത്താവളം ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ
text_fieldsസെൽഫ് ഡ്രൈവിങ് ടാക്സി
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ സ്വയം ഓടും ടാക്സി സർവിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെൽഫ് ഡ്രൈവിങ് ടാക്സി’ സർവിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെർമിനലുകൾ, റോഷൻ ബിസിനസ് ഫ്രൻറ് എന്നിവിടങ്ങളടക്കം നഗരത്തിലെ ഏഴിടങ്ങളിലാണ് സെൽഫ് ഡ്രൈവിങ് ടാക്സി കാർ സർവിസ് ലഭ്യമാക്കിയിരിക്കുന്നത്. 13 പിക്ക് അപ്പ്, ഡ്രോപ്പ് ഓഫ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
പൊതുഗതാഗത അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണ, സാങ്കേതിക മേൽനോട്ടത്തിൽ എക്സ്പ്രസ് റോഡുകളിലും നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളിലുമാണ് ടാക്സി പോയിൻറുകൾ ഒരുക്കിയിട്ടുള്ളത്. സ്വയം ഓടുന്ന കാറിൽ യാത്രക്കാർക്ക് സുരക്ഷിതമായി തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാവും. സുരക്ഷ ഉറപ്പാക്കുന്നതിനും സ്മാർട്ട് സിസ്റ്റങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുമായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരിക്കും. പരമാവധി സുരക്ഷ ഉറപ്പാക്കാൻ ഓരോ വാഹനത്തിലും സംയോജിത സംവിധാനം സജ്ജീകരിക്കും. ഇത് പരീക്ഷണ ഘട്ടമാണ്. ഒരു വർഷത്തിന് ശേഷം സർവിസ് നഗരത്തിെൻറ മറ്റ് ഭാഗങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിപ്പിക്കും.
പദ്ധതി സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ ഉദ്ഘാടനം ചെയ്യുന്നു
പദ്ധതിയുടെ പ്രാരംഭമെന്ന നിലയിൽ റിയാദിലെ ഏഴ് സുപ്രധാന മേഖലകളിലാണ് ടാക്സി സർവിസ് ലഭ്യമാക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അണ്ടർ സെക്രട്ടറി ഡോ. ഉമൈമ ബാംസഖ് പറഞ്ഞു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെർമിനലുകൾ, റോഷൻ ബിസിനസ് പാർക്ക്, വിവിധ എക്സ്പ്രസ് റോഡുകളിലെ കണക്ഷൻ പോയിൻറുകൾ, അമീറ നൂറ സർവകലാശാല, നോർത്തേൺ റെയിൽവേ സ്റ്റേഷൻ, നഗരത്തിെൻറ വടക്കുഭാഗത്തുള്ള ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ആസ്ഥാനം എന്നിവിടങ്ങളിലാണ് ആ ഏഴ് ടാക്സി പോയിൻറുകൾ. ഇതിനോട് ചേർന്നാണ് 13 ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ രാജ്യത്തുടനീളം ഈ ടാക്സി സർവിസ് ലഭ്യമാക്കും.
ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനത്തിനും നിരവധി പങ്കാളികളും ചേർന്ന് നടപ്പാക്കുന്ന സംയോജിത പദ്ധതിയാണിത്. ആഭ്യന്തര മന്ത്രാലയം, ഡിജിറ്റൽ ഇക്കണോമി, സ്‌പേസ്, ഇന്നൊവേഷൻ സിസ്റ്റം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെയും എയ്‌ഡ്രൈവർ, വീറൈഡ് പോലുള്ള സാങ്കേതികവിദ്യ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനികളുടെയും സംയുക്തസഹകരണത്തോടെയാണ് സെൽഫ് ഡ്രൈവിങ് ടാക്സി സർവിസ് പ്രവർത്തന പഥത്തിലെത്തിക്കുന്നത്.
സാങ്കേതികവിദ്യ ശാക്തീകരിക്കുന്നതിനും സ്മാർട്ട്, സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. അതോടൊപ്പം ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതി നിർദേശങ്ങളുടെയും ഏറ്റവും പുതിയ നിർമിതബുദ്ധി സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര ഗതാഗത പരിഹാരങ്ങൾ സ്വീകരിക്കാൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളുടെയും ഭാഗമാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.