ഭക്ഷ്യസഹായ പ്രവാഹം തുടരുന്നു; സൗദിയുടെ ഏഴ് ദുരിതാശ്വാസ ട്രക്കുകൾ ഗസ്സ മുനമ്പിലെത്തി
text_fieldsഫലസ്തീനിലെ ഗസ്സ മുനമ്പിലേക്ക് പോകുന്ന സൗദിയുടെ ദുരിതാശ്വാസ ട്രക്കുകൾ
ഫലസ്തീനിലെ ഗസ്സ മുനമ്പിലേക്ക് പോകുന്ന സൗദിയുടെ ദുരിതാശ്വാസ ട്രക്കുകൾയാംബു: ഗസ്സ മുനമ്പിലെ പലസ്തീൻ ജനതക്കുള്ള ദുരിതാശ്വാസ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി സൗദി അറേബ്യ നിരവധി അന്താരാഷ്ട്ര സംഘടനകളുമായി കരാറുകളിൽ ഒപ്പുവെച്ചു. മൊത്തം 9.35 കോടി യു.എസ് ഡോളർ മൂല്യമുള്ള കരാറുകളാണ് ഒപ്പിട്ടത്. ജോർഡനുമായി സഹകരിച്ച്, കിങ് സൽമാൻ റിലീഫ് സെന്റർ വഴി, ഗുണനിലവാരമുള്ള ഭക്ഷ്യസഹായം ആകാശ മാർഗം എത്തിക്കുന്നതിനുള്ള ഓപറേഷൻ കൂടുതൽ സജീവമാക്കി. ഇതുവരെ 58 വിമാനങ്ങളും എട്ടു കപ്പലുകളും ഈ സംവിധാനം വഴി ഗസ്സയിലെത്തിയിട്ടുണ്ട്.
ഷെൽട്ടർ, മെഡിക്കൽ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ആകെ 7,188 ടൺ ലോഡ് ദുരിതാശ്വാസ വസ്തുക്കളും ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് 20 ആംബുലൻസുകളുമാണ് ഇങ്ങനെ എത്തിച്ചത്. ഭക്ഷ്യവസ്തുക്കളുമായി പുതുതായി ഏഴ് ദുരിതാശ്വാസ ട്രക്കുകൾ ബുധനാഴ്ച ഗസ്സയിലെത്തി. ഭക്ഷണ സാധനങ്ങളും മറ്റു അത്യാവശ്യ വസ്തുക്കളുമായി കെ.എസ്. റിലീഫ് സെന്റർ അയച്ച ട്രക്കുകൾ റഫ അതിർത്തി വഴിയാണ് ഗസ്സയിലെത്തിയത്.
ഫലസ്തീനിലെ ഗസ്സ മുനമ്പിലേക്ക് പോകുന്ന സൗദിയുടെ ദുരിതാശ്വാസ ട്രക്കുകൾ
ഇസ്രായേൽ ആക്രമണത്തിൽ പൊറുതി മുട്ടിയ ഗസ്സയിലെ ജനതയെ സഹായിക്കുന്ന സൗദി ജനകീയ കാമ്പയിന്റെ ഭാഗമായി പ്രതിസന്ധികൾ തരണം ചെയ്താണ് സൗദിയുടെ ദുരിതാശ്വാസ വാഹനങ്ങൾ എത്തുന്നത്.നിലവിലെ സാഹചര്യങ്ങളിൽ ഗസ്സ മുനമ്പിലെ ആളുകൾ തീക്ഷ്ണമായ മാനുഷിക വെല്ലുവിളികൾ നേരിടുകയാണ്. ആഗോള സമൂഹത്തിന്റെ പിന്തുണയും സഹായവും ഗസ്സയിലെ ജനതയുടെ പ്രതിരോധശേഷിയെ പിന്തുണക്കുന്നതിനും ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനും ഇപ്പോഴും അത്യന്താപേക്ഷിതമാണ്.
ഫലസ്തീനിലെ നിലവിലുള്ള പ്രതിസന്ധിയിൽ വലയുന്നവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗദി സഹായ സംരംഭങ്ങളുടെ ശേഷി, വ്യാപ്തി, ഫലപ്രാപ്തി എന്നിവ വിശാലമാക്കി. കടൽ, വ്യോമ മാർഗങ്ങളിലൂടെ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ നൽകുന്നതിനായി 3.48 കോടി ഡോളർ ദുരിതാശ്വാസ, മാനുഷിക സഹായം രാജ്യം നേരത്തേ സംഭാവന ചെയ്തിരുന്നു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി സൗദി ആരംഭിച്ച ദേശീയ കാമ്പയിൻ ഏറെ ഫലം കണ്ടിരുന്നു.
ഫലസ്തീൻ ജനതക്കുള്ള സൗദി സഹായം തുടരുകയാണെന്നും കൂടുതൽ ഫലപ്രദമായ രീതിയിൽ അവ ഫലസ്തീൻ ജനതക്ക് നൽകാൻ ഏതറ്റംവരെയും പോകാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്നും കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.