പാചകവൈഭവം മാറ്റുരച്ച സായാഹ്നം; മീഡിയവൺ ലുലു സ്റ്റാർ ഷെഫിൽ ശബീബ നുവൈർ പാചകറാണി
text_fieldsമീഡിയ വൺ ലുലു ‘സ്റ്റാർ ഷെഫ്’ മത്സര വിജയികളായ ഷബീബ നുവൈർ, ഷഹീന, മുംതാസ് നസീർ, നെജു കബീർ എന്നിവർ വിശിഷ്ടാതിഥികൾക്കൊപ്പം
റിയാദ്: മീഡിയ വൺ ചാനലും ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി നടത്തിയ പാചക മത്സരം ‘സ്റ്റാർ ഷെഫി’ന്റെ റിയാദ് മേഖലയിലെ വിജയികളെ പ്രഖ്യാപിച്ചു. ഷബീബ നുവൈർ പാചകറാണിയായി ഒരു പവന്റെ ഒന്നാം സമ്മാനം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിന്റെ കാഷ് പ്രൈസ് ഷഹീന കരസ്ഥമാക്കി. മുംതാസ് നസീർ, നെജു കബീർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
മികച്ച മത്സരം കാഴ്ചവെച്ച ശഫാനു റമീസിന് ജൂറിയുടെ പ്രത്യേക പുരസ്കാരവും ലഭിച്ചു. ഇന്ത്യൻ ശൈലിയിൽ കൊക്കോ ഡിംസം എന്ന ചൈനീസ് വിഭവം തയാറാക്കി ഒന്നാം സ്ഥാനം നേടിയ ഷബീബയെ വിധികർത്താക്കൾ പ്രശംസിച്ചു.
മലസ് ലുലു അവന്യൂ മാളിലെ ഓപ്പൺ റൂഫിൽ നടന്ന സ്റ്റാർ ഷെഫ് മെഗാ ഫിനാലെയിൽ അന്താരാഷ്ട്ര പ്രശസ്തനായ ഷെഫ് പിള്ളൈ, ഷെഫും സ്റ്റേജ് പെർഫോമറുമായ കലേഷ് എന്ന കല്ലു, ലുലു മാർക്കറ്റിങ്ങ് മാനേജർ സച്ചിൻ, മീഡിയവൺ ജനറൽ മാനേജർ സവാബ് അലി (മിഡിലീസ്റ്റ് ഓപ്പറേഷൻസ് ആൻഡ് ബിസിനസ്), ഈസി കുക്ക് ജനറൽ മാനേജർ ആദിൽ ശരീഫ്, സോനാ ജ്വല്ലറി പർച്ചേസ് മാനേജർ മനു എന്നിവർ സമ്മാനങ്ങളും ക്യാഷ് പ്രൈസും വിജയികൾക്ക് സമ്മാനിച്ചു.
കുട്ടികൾക്കായി കളറിങ്, ചിത്രരചന, ജൂനിയർ ഷെഫ്, കേക്ക് ഡെക്കറേഷൻ മത്സരങ്ങളും അരങ്ങേറി.വിദ്യാർഥികളുടെ പാചക താത്പര്യങ്ങൾ മാറ്റുരയ്ക്കാൻ സംഘടിപ്പിച്ച ജൂനിയർ ഷെഫ് മത്സരത്തിൽ ലിയ ശാസിയ ഒന്നാം സ്ഥാനവും സുഹ നുവൈർ രണ്ടാം സ്ഥാനവും നേടി. ഫാത്തിമ ഹനാനാണ് മൂന്നാം സ്ഥാനം. വ്യത്യസ്ത രൂപത്തിൽ നിർമിച്ച കേക്കുകൾ കരവിരുതും ശില്പചാതുര്യവും വിളിച്ചറയിക്കുന്നതായിരുന്നു.
ഫാത്തിമ ഷഹനാസ്, റീഹ ഷെറിൻ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനവും സഫ്ന ജാസ്മിൻ, ടി.എ. തസ്നീമ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കുരുന്നു ഭാവനകൾ വർണവിസ്മയം തീർത്ത കളറിങ്ങിൽ അമൈറ ഫാത്തിമ, അംന സഹ്റ, അസ്നിയ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നൂറിലധികം കുട്ടികൾ പങ്കെടുത്ത ചിത്രരചന മത്സരത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും ഇഷാ മെഹറിൻ രണ്ടാം സ്ഥാനവും അസ്റ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. ലുലു മാൾ മാനേജർ അക്ബർ, മീഡിയവൺ പ്രിൻസിപ്പൽ കറസ്പോൺഡന്റും ബ്യൂറോ ഹെഡ്ഡുമായ അഫ്താബ് റഹ്മാൻ, റീജ്യനൽ ഹെഡ് ഹസനുൽ ബന്ന, സീനിയർ ഓഫീസർ ഇൽയാസ്, കോഓഡിനേഷൻ കമ്മിറ്റിയംഗങ്ങളായ സദ്റുദ്ദീൻ കീഴിശ്ശേരി, സലീം മാഹി, അഷ്റഫ് കൊടിഞ്ഞി കൂടാതെ മീഡിയ വൺ ലുലു സ്റ്റാഫും തനിമ വളന്റിയർമാരും പരിപാടികൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.