യാംബു കിങ് ഫഹദ് തുറമുഖത്ത് കപ്പൽ ഇന്ധന കേന്ദ്രം സ്ഥാപിക്കുന്നു; കരാർ ഒപ്പുവെച്ചു
text_fieldsയാംബു കിങ് ഫഹദ് തുറമുഖത്ത് കപ്പൽ ഇന്ധന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെക്കുന്നു
ജിദ്ദ: യാംബുവിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ തുറമുഖത്ത് 1,10,700 ചതുരശ്ര മീറ്റർ ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള കരാറിൽ ജനറൽ പോർട്സ് അതോറിറ്റി (മവാനി)യും നാഷനൽ കമ്പനി ഫോർ പെട്രോളിയം aആൻഡ് പെട്രോകെമിക്കൽ വെയർഹൗസസ് ആൻഡ് പൈപ്പ്ലൈൻസ് (പെട്രോടാങ്ക്) ഉം കരാർ ഒപ്പുവെച്ചു. 500 ദശലക്ഷം (50 കോടി) സൗദി റിയാൽ നിക്ഷേപ മൂല്യവും 20 വർഷത്തെ കാലാവധിയുമുള്ള ഒരു സംയോജിത കപ്പൽ ബങ്കറിങ് കേന്ദ്രം ഈ കരാർ പ്രകാരം സ്ഥാപിക്കപ്പെടും.
വിഷൻ 2030ന്റെ ഗതാഗത, ലോജിസ്റ്റിക് പദ്ധതിക്ക് അനുസൃതമായി ഇന്ധന, എണ്ണ ടാങ്കുകൾ പോലുള്ള ഗുണനിലവാരമുള്ള ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിലൂടെയും കപ്പലുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെയും പ്രാദേശികമായും ആഗോളമായും സൗദി തുറമുഖങ്ങളുടെ മത്സരശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജുബൈൽ, യാംമ്പു റോയൽ കമീഷൻ ചെയർമാൻ എൻജി. ഖാലിദ് അൽസാലിം, ജനറൽ പോർട്ട്സ് അതോറിറ്റി ചെയർമാൻ എൻജി. സുലൈമാൻ അൽമസ്റൂഇ എന്നിവരുടെയും നിരവധി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ യാംബു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ മാഹിർ അൽഹംദിയും പെട്രോടാങ്ക് ചെയർമാൻ ഫാരിസ് അൽബക്റിയും ആണ് കരാറിൽ ഒപ്പുവെച്ചത്.
പെട്രോടാങ്കുമായുള്ള സഹകരണം തുറമുഖങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നതിനും ഷിപ്പിങ് ലൈനുകൾക്ക് നൽകുന്ന സേവനങ്ങൾ വിപുലീകരിക്കുന്നതിനും സഹായിക്കുമെന്ന് തുറമുഖ ജനറൽ അതോറിറ്റി ചെയർമാൻ പറഞ്ഞു.വിഷൻ 2030 െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കപ്പൽ ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ഗുണപരമായ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.