പ്രധാന നഗരങ്ങളിൽ മെട്രോ സാധ്യതാപഠനം നടത്താമെന്ന് സൗദി ശൂറ കൗൺസിൽ
text_fieldsസൗദി ശൂറ കൗൺസിൽ യോഗം
റിയാദ്: രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ അനുവദിക്കണമെന്ന പൊതുഗതാഗത അതോറിറ്റിയുടെ ആവശ്യത്തിന് സൗദി ശൂറ കൗൺസിലിന്റെ അംഗീകാരം. മക്ക -മദീന ഹറമൈൻ ഹൈസ്പീഡ് റെയിലിന്റെ നിലവിലെ വേഗതക്ക് അനുസൃതമായി രാജ്യത്തെ മറ്റ് റെയിൽവേ പാതകളിലെ പാസഞ്ചർ ട്രെയിനുകളുടെ വേഗത വർധിപ്പിക്കണമെന്ന ആവശ്യത്തിനും കൗൺസിൽ അംഗീകാരം നൽകി.
വൈസ് പ്രസിഡന്റ് മിശ്അൽ അൽസുലമിയുടെ അധ്യക്ഷതയിൽ ചേർന്ന ഒമ്പതാം ടേമിലെ 31ാം സെഷനിലാണ് അതോറിറ്റിയുടെ അഭ്യർഥനക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം നൽകിയത്. ഗതാഗത -ആശയ വിനിമയ- വിവര സാങ്കേതിക സമിതിയുടെ അഭിപ്രായം അറിഞ്ഞശേഷം ശേഷമാണ് അംഗീകാരം നൽകിയത്. സാങ്കേതിക സമിതിയുടെ ശിപാർശകൾക്ക് ഭൂരിപക്ഷ വോട്ട് ലഭിക്കുകയും ചെയ്തു.
സൗദി ലോജിസ്റ്റിക്സ് അക്കാദമി വാഗ്ദാനം ചെയ്യുന്ന ലോജിസ്റ്റിക്സ് പരിശീലന പരിപാടികളുടെ എണ്ണം വർധിപ്പിക്കുക, ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവയെ വൈവിധ്യവത്കരിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുക, തീർഥാടകരുടെ ഷട്ടിൽ യാത്രാസേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി അവയുടെ ഗുണനിലവാര വിലയിരുത്തൽ മാനദണ്ഡങ്ങൾ അവലോകനം ചെയ്ത് വികസിപ്പിക്കുകയും ചെയ്യുക എന്നതും അഭ്യർഥനകളിലുൾപ്പെടും.
സൗദി എയർലൈൻസിന്റെ വാർഷിക റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൗൺസിൽ അംഗങ്ങൾ നിരവധി നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.