മരുഭൂമിയിൽ ആടുജീവിതമായി അലഞ്ഞ ദുരിതത്തിൽനിന്നും രക്ഷപ്പെട്ട സോനു ശങ്കർ നാട്ടിലെത്തി
text_fieldsസോനു ശങ്കറിന് യാത്രാടിക്കറ്റ് സക്കീർ താമരത്ത് കൈമാറുന്നു
അറാർ: സൗദി വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ മരുഭൂമിയിൽ കുടുങ്ങിക്കിടന്ന ആട്ടിടയനായ ഉത്തർപ്രദേശ് സ്വദേശി സോനു ശങ്കറിനെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. അറാർ-റിയാദ് റോഡിൽനിന്ന് 180 കി.മീറ്റർ അകലെയുള്ള മരുഭൂമിക്കുള്ളിൽ 13 മാസമായി ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സ്പോൺസറുടെ നിരന്തര മർദനം സഹിക്കാനാവതെ മരുഭൂമിയിൽനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു സോനു ശങ്കർ.
നോക്കാൻ ഏൽപിക്കപ്പെട്ട ആട് ചത്തുപോയതിെൻറ പേര് പറഞ്ഞായിരുന്നു അവസാനം മർദനം ഏൽക്കേണ്ടി വന്നത്. 43 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയത്ത് ആടുകൾക്ക് രോഗം വരുന്നതും ചാവുന്നതും സാധാരണമാണ്. അത് അറിയുന്ന ആളായിരുന്നു സ്പോൺസർ. മർദനം സഹിക്കാനാവാതെ ഒടുവിൽ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ട് രാത്രിയും ഒരു പകലും (ഏകദേശം 35 മണിക്കൂർ) ഓടിയും നടന്നുമാണ് ഹൈവേയിൽ എത്തിയത്.
ഇത്രയും സമയം ഒരു ലിറ്റർ വെള്ളത്തിെൻറ ബോട്ടിൽ മാത്രമാണ് തെൻറ കൈവശം ഉണ്ടായിരുന്നതെന്ന് ഇടറിയ ശബ്ദത്തിൽ സോനു ശങ്കർ പറഞ്ഞു. തുടർന്ന് നാലു ദിവസം പൊലീസ് സ്റ്റേഷനിലും ജയിലിലും കഴിയേണ്ടി വന്നെങ്കിലും സൗദി വടക്കൻ പ്രവിശ്യ ഇന്ത്യൻ എംബസി പ്രതിനിധിയും ലോക കേരള സഭ അംഗവും അറാർ പ്രവാസി സംഘം പ്രസിഡൻറുമായ സക്കീർ താമരത്ത് ഇടപെട്ട് നടത്തിയ പ്രവർത്തന ഫലമായി ജയിൽ മോചിതനാക്കാൻ കഴിഞ്ഞു.
പിന്നീട് അറാറിൽനിന്നും റിയാദ് വഴി ഡൽഹിയിൽ എത്താനുള്ള യാത്ര ടിക്കറ്റും രേഖകളും സക്കീർ താമരത്ത് സോനു ശങ്കറിന് കൈമാറി. നാലു മക്കളുടെ പിതാവായ സോനു ശങ്കർ ജീവൻ തിരുച്ചുകിട്ടിയ സന്തോഷത്തിൽ സഹായിച്ചവരോട് നന്ദി പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.