സിറിയയിൽ സ്ഥിരതയും സമാധാനവും; മുൻകൈയെടുത്ത് സൗദി അറേബ്യ
text_fieldsറിയാദിൽ ചേർന്ന അറബ്, അമേരിക്ക, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ ഉന്നതതല യോഗം
റിയാദ്: മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ പതനത്തിനുശേഷമുള്ള സിറിയയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനും രാജ്യത്ത് സ്ഥിരത കൈവരിക്കാനുമുള്ള ശ്രമങ്ങൾക്കും മുൻകൈയെടുത്ത് സൗദി അറേബ്യ. വിപുലമായ അറബ്, അന്താരാഷ്ട്ര പങ്കാളിത്തത്തോടെ റിയാദിൽ വിദേശകാര്യ മന്ത്രിതല യോഗം ചേർന്നു. വിവിധ അറബ്, ജി.സി.സി, അമേരിക്ക, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഉന്നത പ്രതിനിധികളും സൗദി തലസ്ഥാന നഗരത്തിലെ ‘വയ റിയാദ്’ മാളിലെ സെന്റ് റീജിയസ് ഹോട്ടലിൽ ഞായറാഴ്ച ആരംഭിച്ച യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് നേതൃത്വം നൽകുന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി, സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനി, ഉപ പ്രധാനമന്ത്രിയും യു.എ.ഇ വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സാഇദ് ആൽ നഹ്യാൻ, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽയഹ്യ, ലബനാനിലെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ബൂ ഹബീബ്, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ആത്വി, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽസഫാദി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, സ്പെയിൻ, യു.എസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും സിറിയയിലെ യു.എൻ പ്രതിനിധിയും യൂറോപ്യൻ യൂനിയന്റെ വിദേശ, സുരക്ഷ നയങ്ങൾക്കായുള്ള ഹൈകമീഷണറും യോഗത്തിനെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനി റിയാദിലെത്തിയിരുന്നു.
സിറിയൻ ജനതക്കുള്ള അറബ് പിന്തുണ ശക്തിപ്പെടുത്തുകയാണ് സൗദി നേതൃത്വത്തിലുള്ള ഉച്ചകോടിയുടെ ലക്ഷ്യം. സിറിയക്ക് മാനുഷിക പിന്തുണ നൽകലും അന്താരാഷ്ട്ര ഉപരോധം നീക്കലും ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.