ചരിത്ര പള്ളികളുടെ പുനരുദ്ധാരണത്തിൽ വിദ്യാർഥികളെ പങ്കാളികളാക്കുന്നു
text_fieldsസൗദിയിൽ പൗരാണിക പള്ളികളുടെ പുനരുദ്ധാരണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ
യാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള ചരിത്രത്തിൽ അടയാളപ്പെടുത്തിയ പൗരാണിക പള്ളികളുടെ പുനരുദ്ധാരണത്തിന് വിദ്യാർഥികളെ കൂടി പങ്കാളികളാക്കാൻ ഒരുങ്ങി അധികൃതർ. ‘മുഹമ്മദ് ബിൻ സൽമാൻ പദ്ധതി ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ഹിസ്റ്റോറിക്കൽ മോസ്‌ക്കുകൾ’ക്ക് കീഴിൽ നിരവധി ചരിത്ര പള്ളികളുടെ പുനരുദ്ധാരണത്തിൽ പങ്കെടുക്കാൻ ഇതിനകം 15 സൗദി വിദ്യാർഥികളെ പ്രാപ്തരാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഹെറിറ്റേജ് കമീഷൻ, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷനൽ ആർട്‌സ് എന്നിവരുടെ സഹകരണത്തോടെയുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിദഗ്ദ്ധ സൗദി എൻജിനീയർമാരുടെ മാർഗനിർദേശത്തിൽ പരമ്പരാഗത മണ്ണ്-ഇഷ്ടിക നിർമാണവും മരപ്പണി സാങ്കേതിക വിദ്യകളും വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. പഠനത്തിന് ശേഷം ആറ് മാസത്തെ ഫീൽഡ് പരിശീലന പരിപാടികളിലും വിദ്യാർഥികൾ പങ്കാളിത്തം വഹിക്കുന്നു. രണ്ടാം ഘട്ട പരിശീലനം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തുടരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പരമ്പരാഗത നിർമാണത്തിൽ പ്രത്യേക പരിശീലനവും വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ആധികാരിക വസ്തുക്കൾ ഉപയോഗിച്ച് ചരിത്രപരമായ പള്ളികളുടെ നിർമാണത്തിൽ പ്രായോഗിക പരിജ്ഞാനവും നൽകുന്നു. പരമ്പരാഗത നജ്ദി വാതിലുകളുടെ കരകൗശലവസ്തുക്കളുടെ പരിജ്ഞാനവും വിദ്യാർഥികൾക്ക് കൈമാറുന്നു.
ഈ പുരാതന കലയെ സംരക്ഷിക്കാനും നിലനിർത്താനും സഹായിക്കുന്നതിന് മരപ്പണി, കൊത്തുപണി, നിർമാണം എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 മേഖലകളിലായി 30 പള്ളികളും രണ്ടാംഘട്ടത്തിൽ 13 മേഖലകളിലായി 30 പള്ളികളും പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
ചരിത്രപരമായ പള്ളികളുടെ ആധികാരിക വാസ്തുവിദ്യ ശൈലികളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുക, അവയുടെ സാംസ്കാരിക മൂല്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന് പരമ്പരാഗതവും ആധുനികവുമായ നിർമ്മാണ മാനദണ്ഡങ്ങൾ സന്തുലിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ചരിത്രപരമായ പള്ളികൾ സംരക്ഷിക്കുക, അവയുടെ വാസ്തുവിദ്യാ ആധികാരികത പുനഃസ്ഥാപിക്കുക, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുക, അതിന്റെ മതപരവും സാംസ്കാരികവുമായ നില ശക്തിപ്പെടുത്തുക എന്നിവയും ഇത് വഴി പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ദേശീയ പൈതൃക സംരക്ഷണത്തിനും വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ പ്രോത്സാഹന ത്തിനും ഊന്നൽ നൽകുന്ന വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൂടി നിർവഹിക്കാൻ ഇതുവഴി കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

