മക്കയിൽ ‘സുബൈദ കനാൽ’ ആഘോഷത്തിന് തുടക്കമായി
text_fieldsമക്കയിൽ ആരംഭിച്ച സുബൈദ കനാൽ ആഘോഷത്തിന്റെ പ്രവേശന കവാടം
മക്ക: പൗരാണികവും ചരിത്രപ്രസിദ്ധവുമായ ‘സുബൈദ കനാൽ’ ആഘോഷങ്ങൾക്ക് മക്കയിൽ തുടക്കമായി. ജനുവരി 30 മുതൽ മാർച്ച് 22 വരെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 12 വരെ മുസ്തലിഫക്കടുത്തായാണ് ഫെസ്റ്റിവൽ. പ്രവേശനം സൗജന്യമാണെങ്കിലും https://e-ticket.app/ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി ടിക്കറ്റ് എടുക്കണം. ഒരാൾക്ക് എത്ര ടിക്കറ്റുകൾ വേണമെങ്കിലും സ്വന്തം പേരിൽ എടുക്കുന്നതോടൊപ്പം മറ്റുള്ളവരെ ചേർക്കാവുന്നതുമാണ്.
കവാടത്തിലൂടെ അകത്തുകടന്നാൽ ഇസ്ലാമിക് ഹെറിറ്റേജ് ഡിസ്േപ്ല ഏരിയ, ജലധാര, ക്രാഫ്റ്റ്സ്മാൻ പ്ലാറ്റ്ഫോം, ആരോ ഷൂട്ടിങ് ഏരിയ തുടങ്ങിയവ കാണാൻ കഴിയും. കുട്ടികൾക്കുള്ള കളിസ്ഥലം, റെസ്റ്റോറന്റ്, ഇരിപ്പിടം, സന്ദർശകർക്കായി ടെൻറ് ഏരിയ, സുവനീർ ഫോട്ടോകൾ എടുക്കുന്നതിനുള്ള സൗന്ദര്യാത്മക പ്രദേശം എന്നിവയും ഫെസ്റ്റിവലിൽ സജീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസവും വൈകീട്ട് 4.30നും 5.30നും രണ്ട് ഹൈക്കിങ് യാത്രകൾ സന്ദർശകൾക്ക് ഒരുക്കിയിട്ടുണ്ട്. അര മണിക്കൂറിൽ താഴെ മാത്രം സമയമെടുക്കുന്ന യാത്രയിൽ ഒരു ഗൈഡ് കൂടെ ഉണ്ടാകും. ഗൈഡിനൊപ്പം ഏകദേശം 30 പേർക്ക് മാത്രമേ ഒരു സമയത്ത് പ്രവേശനം അനുവദിക്കൂ. തുറന്ന സ്റ്റേജിൽ മൂന്ന് ദിവസങ്ങളിലും വൈകീട്ട് 6.30നും രാത്രി ഒമ്പതിനും നാടക ഗ്രൂപ്പുകളുടെ പ്രകടനങ്ങളുമുണ്ടാവും. 1200 വർഷം മുമ്പ് ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഹാറൂന്‍ റശീദിന്റെ സഹധർമിണി സുബൈദ, മക്കയിലെ കഅ്ബാലയത്തിന് സമീപമായി ജലമൊഴുക്കിനായി നിർമിച്ച കനാലിനെ ജനസ്മൃതികളിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് ‘സുബൈദ കനാൽ’ ആഘോഷം ആരംഭിച്ചത്.
ആ സമയത്ത് ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ ദാഹജലത്തിനായി പ്രയാസപ്പെടുന്നത് സുബൈദയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത് പരിഹരിക്കാനായി സ്വന്തം സമ്പത്ത് ചെലവഴിച്ച് പണിതതാണ് സുബൈദ കനാല്‍.
വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ 10 വര്‍ഷം കൊണ്ടാണ് പദ്ധതി യാഥാർഥ്യമായത്. 38 കിലോമീറ്റര്‍ നീളമുള്ള നീര്ച്ചാല് വഴി ത്വാഇഫിനടുത്തുള്ള ഹുനൈന്‍ തടാകത്തില്‍ നിന്നും ശുദ്ധമായ കുടിവെള്ളം മക്കയിലേക്ക് ഒഴുകിയെത്തി. ഹജ്ജ് തീര്‍ഥാടകരും മക്കാ നിവാസികളും 1950 വരെ ഈ കനാലില്‍നിന്നു വെള്ളം കുടിച്ചിരുന്നതായാണ് ചരിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.