റൊണാൾഡോക്ക് പിന്നാലെ കൂടുതൽ ലോകതാരങ്ങൾ എത്തിയേക്കുമെന്ന് സൗദി ഫുട്ബാൾ മേധാവി
text_fieldsസൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽ മിസ്‌ഹൽ
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കോ മറ്റേതെങ്കിലും കളിക്കാരനോ വേണ്ടിയുള്ള സൗദി ക്ലബുകളുടെ കരാറുകളിലെ സാമ്പത്തിക ഇടപാടിൽ ഇടപെട്ടിട്ടില്ലെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) പ്രസിഡൻറ് യാസിർ അൽ മിസ്‌ഹൽ വ്യക്തമാക്കി.
പോർച്ചുഗീസ് അന്താരാഷ്ട്ര താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസ്‌ർ ക്ലബ് പ്രവേശത്തിന് പിന്നാലെ ലോക താരങ്ങളുടെ മറ്റ് ക്ലബുകളുമായുള്ള കാരാറുകൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റൊണാൾഡോയുടെ വരവ് തീർച്ചയായും സൗദി ലീഗിന് മുതൽക്കൂട്ടായിരിക്കുമെന്നും തുടർന്ന് വലിയ ഡീലുകൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫിഫ ക്ലബ് ലോകകപ്പിൽ സെമി ബർത്ത് ഉറപ്പാക്കാൻ മൊറോക്കോയുടെ വൈദാദ് കാസബ്ലാങ്കയ്‌ക്കെതിരെ അൽ-ഹിലാൽ നേടിയ വിജയത്തെ പരാമർശിച്ച്, ഏഷ്യൻ ചാമ്പ്യൻമാരായ അൽ ഹിലാൽ സെമിഫൈനലുകളിലും ഫൈനലുകളിലും വിജയം തുടരുമെന്ന് അൽ-മിസ്‌ഹൽ പ്രത്യാശ പ്രകടിപ്പിച്ചു.
ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നവരെ കുറിച്ച് സ്പാനിഷ് അല്ലെങ്കിൽ ബ്രസീലിയൻ ഫുട്ബാൾ ഫെഡറേഷനുകൾ സംസാരിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല. എന്നാൽ അൽ-ഹിലാൽ ക്ലബിന് പിന്തുണ നൽകാൻ സാഫ് തയാറാണ്. സൗദി ഫുട്ബാളിനുള്ള ബഹുമതിയാണതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്ത് രാജ്യത്തെ പ്രതിനിധീകരിക്കുന്ന മുൻനിര ക്ലബ്ബായി അൽ ഹിലാൽ മാറിയെന്ന് അൽ മിസ്‌ഹൽ അഭിപ്രായപ്പെട്ടു. ക്ലബ് ലോകകപ്പിൽ ബ്രസീലിെൻറ ഫ്ലെമെംഗോയ്‌ക്കെതിരായ സെമി ഫൈനൽ മത്സരത്തിലേക്ക് ടീം യോഗ്യത നേടിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച ടാംഗിയറിൽ നടക്കാനിരിക്കുന്ന ഫ്ലെമെംഗോയ്‌ക്കെതിരായ സെമിഫൈനലിൽ അൽ-ഹിലാലിനെ പിന്തുണയ്ക്കുന്നതിനാണ് താൻ മൊറോക്കോയിലേക്ക് പോകുന്നതെന്ന് സാഫ് പ്രസിഡൻറ് പറഞ്ഞു.
അൽ ഹിലാൽ മിഡ്ഫീൽഡർ മുഹമ്മദ് കാനോയ്‌ക്കെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട്, താരത്തിെൻറ പങ്കാളിത്തത്തിനെതിരെ പ്രതിഷേധം ഉയർന്നതായി അൽ മിസ്‌ഹൽ പറഞ്ഞു, എന്നാൽ സാഫ് അച്ചടക്ക സമിതി ഇത് പരിശോധിക്കുകയും പങ്കാളിത്തം സാധുവാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കേസ് ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ജുഡീഷ്യറിയുടെ മുമ്പാകെയാണ് വിഷയമുള്ളത്. ജുഡീഷ്യൽ അധികൃതരുടെ തീർപ്പ് മാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.