അപൂർവ ദേശാടനപ്പക്ഷികൾ കൂടൊരുക്കുന്ന അസീറിലെ പർവതനിരകൾ
text_fields'അസീർ മാഗ്പി' പക്ഷികളുടെ വിവിധ ദൃശ്യങ്ങൾ
അസീർ: സൗദിയിൽ മാത്രം കാണപ്പെടുന്ന അപൂർവ ദേശാടനപ്പക്ഷികൾ രാജ്യത്തിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അസീർ മേഖലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 'അസീർ മാഗ്പി' എന്ന പക്ഷി ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ഇനമാണ്. അറേബ്യൻ മാഗ്പി എന്ന പേരിലും അറിയപ്പെടുന്ന ഈ പക്ഷി സൗദിയുടെ തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശമായ അസീർ മേഖലയിൽ മാത്രമാണ് കാണപ്പെടുന്നത്. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് സൗദിയുടെ വിവിധ പ്രദേശങ്ങളിലേക്കും ചെങ്കടൽ തീരങ്ങളിലേക്കും ദേശാടനപ്പക്ഷികളുടെ ഒഴുക്ക് സാധാരണ പ്രകടമാകുന്നത്. ഏകദേശം 100 ജോഡി 'അസീർ മാഗ്പി' കളാണ് ഇപ്പോൾ സൗദിയിൽ അവശേഷിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സൗദിയിൽ രേഖപ്പെടുത്തിയിട്ടുള്ള 499 പക്ഷി ഇനങ്ങളിൽ ഒരെണ്ണമായ 'മാഗ്പി' രാജ്യത്ത് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് 2021 ൽ 'അരാംകോ' കമ്പനി പുറത്തിറക്കിയ 'സൗദിയിലെ പക്ഷികൾ' (ബേർഡ്സ് ഇൻ സൗദി അറേബ്യ) എന്ന പുസ്തകത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. അസീർ മേഖലയിലെ ദേശാടനപ്പക്ഷികളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് പുസ്തകത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. വൈവിധ്യമാർന്ന പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള വലിയ ജൈവ സമ്പുഷ്ടീകരണമുള്ള പ്രദേശമാണ് അസീർ മേഖലയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടത്തെ പ്രകൃതിയുടെ അനുകൂല അന്തരീക്ഷം അപൂർവ ദേശാടനപ്പക്ഷികളെയും മറ്റു വന്യ ജീവികളെയും ആകർഷിക്കുന്നു. നൂറുകണക്കിന് വർഷങ്ങൾ ഇവിടെ തന്നെ ഇണങ്ങി ജീവിക്കുന്ന ദേശാടനപക്ഷികളുടെ വിവിധ ഇനങ്ങൾ പ്രദേശത്തുണ്ട്. ഉയർന്ന കുന്നിൻ പ്രദേശങ്ങളിലെ മരങ്ങളിൽ കൂടുണ്ടാക്കി ജീവിക്കുന്ന 86 ഇനം പക്ഷികൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന ബുദ്ധിശക്തിക്കും മറ്റു പക്ഷികളിൽ നിന്ന് വേറിട്ട പല സവിശേഷതകളുമുള്ള ഈ പക്ഷിയെ അതിന്റെ ശ്രുതിമധുരമായ ശബ്ദങ്ങൾ കാരണമാണ് 'മാഗ്പി' എന്ന് വിളിക്കുന്നത്. കറുപ്പും വെളുപ്പും നിറമുള്ള തൂവലുകളും, സാധാരണയായി ജുനൈപ്പർ അല്ലെങ്കിൽ അക്കേഷ്യ മരങ്ങളിൽ നിർമിക്കുന്ന വലിയ, താഴികക്കുടത്തിന്റെ ആകൃതിയിലുള്ള കൂടും കൊണ്ട് ഇതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. 'ഇന്റർനാഷനൽ യൂനിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേചർ അതോറിറ്റി' യും മാഗ്പി ദേശാടന പക്ഷിയുടെ വംശനാശ ഭീഷണിയെ കുറിച്ച് പറയുന്നുണ്ട്. 200 മാഗ്പികൾ മാത്രമാണ് ഇപ്പോൾ രാജ്യത്ത് അവശേഷിക്കുന്നതെന്നും ഇവയുടെ നിലനിൽപ്പിന് പ്രധാന ഭീഷണി കാലാവസ്ഥ മാറ്റമാണെന്നും പക്ഷി നിരീക്ഷണ വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദശകങ്ങളിൽ വർധിച്ചുവരുന്ന താപനിലയും വരണ്ട കാലാവസ്ഥയും കാരണം അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നു.
ഇടതൂർന്ന മരങ്ങളും ആവശ്യമായ അന്നവും ഇവിടെ ലഭ്യമാകുന്നതും പക്ഷികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യ ഘടകങ്ങളാണ്. കൂടൊരുക്കാനും സുരക്ഷിതമായി പ്രജനനം നടത്താനും പറ്റുന്ന 'ജൂനൈപ്പർ' എന്ന പേരിൽ അറിയപ്പെടുന്ന മരങ്ങളും പ്രദേശത്ത് സുലഭമായുണ്ട്. മരങ്ങളുടെ വൈവിധ്യവും തണുപ്പും മിതമായ താപനിലയും കാരണമായി പലതരം ദേശാടനപ്പക്ഷികളെ ആകർഷിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അസീർ. പർവതങ്ങളുടെ മുകളിൽ നിന്ന് പീഠഭൂമികളിലേക്കും സമതലങ്ങളിലേക്കും തീരങ്ങളിലേക്കും പക്ഷികൾക്ക് സ്വൈരവിഹാരം നടത്താൻ കഴിയുന്ന ഭൂമിശാസ്ത്രപരമായ വൈവിധ്യമാണ് ഇവിടുളളത്. രാജ്യത്തിന്റെ മറ്റ് ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ ജീവജാലങ്ങളാൽ ഈ പ്രദേശത്തെ വേറിട്ടു നിർത്തുന്നു. 100 ഇനങ്ങളിലുള്ള പക്ഷികളെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാമെന്ന് പക്ഷി നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.