മൂന്നാമത് തൈമ കാർഷികോത്സവത്തിന് തബൂക്കിൽ തുടക്കമായി
text_fieldsതബൂക്കിൽ മൂന്നാമത് തൈമ കാർഷികോത്സവം തൈമ ഗവർണർ സാദ് അൽ സുദൈരി ഉദ്ഘാടനം ചെയ്തപ്പോൾ
തബൂക്ക്: വൈവിധ്യമാർന്ന കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനത്തിനും പ്രദേശത്തെ കർഷകരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം വെച്ച് തബൂക്കിൽ മൂന്നാമത് തൈമ കാർഷികോത്സവത്തിന് തുടക്കമായി. തൈമ ഗവർണർ സാദ് അൽ സുദൈരി മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കർഷകരെ പിന്തുണക്കാനും ഗവർണറേറ്റിലെ വിളകൾ സന്ദർശകരെ പരിചയപ്പെടുത്താനും വർഷം തോറും നടക്കുന്ന ഉത്സവം വമ്പിച്ച ആവേശത്തോടെയാണ് പ്രദേശവാസികൾ വരവേൽക്കാറുള്ളത്. തൈമയിലെ ആർക്കിയോളജിക്കൽ വാൾ പാർക്കിലാണ് മേള നടക്കുന്നത്. 30 ലധികം പവിലിയനുകളിലായി കർഷകരും പ്രദർശകരും വിവിധ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കും. ആധുനിക കൃഷിയെക്കുറിച്ചുള്ള അവബോധ ബൂത്തുകളും കുട്ടികൾക്കായുള്ള സംവേദനാത്മക പ്രവർത്തനങ്ങളും ഇതോടൊപ്പം ഉണ്ടായിരിക്കും.
കർഷകരെ പിന്തുണക്കുകയും അവരുടെ ഉൽപന്നങ്ങൾക്ക് വിപണന അവസരങ്ങൾ തുറക്കുകയും ചെയ്യുക എന്നതാണ് മേളയുടെ മുഖ്യ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ചെറുകിട ഉൽപാദകരെ ശാക്തീകരിക്കുന്നതിനുമുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും നാലു ദിവസത്തെ ഉത്സവം ലക്ഷ്യമാക്കുന്നതായി തബൂക്കിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ എഞ്ചിനീയർ അംജദ് തലാബ് പറഞ്ഞു. തബൂക്ക് അമീറിന്റെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും പിന്തുണയെയും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കർഷകരോടുള്ള പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. കർഷകർക്ക് പുതിയ അറിവുകൾ പങ്കിടാനും, നൂതന കാർഷിക രീതികൾ കൈമാറാനും, ഘടനാപരമായ പഠന സെഷനുകളിലൂടെ അവരുടെ കാർഷിക വൈദഗ്ധ്യം വർധിപ്പിക്കാനും കാർഷികമേള ഏറെ ഉപകരിക്കുമെന്ന് വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.