ഇറാഖിൽ നിന്നുള്ള ഭീഷണി: ഇറാഖ് അംബാസഡറെ വിളിച്ചുവരുത്തി സൗദി വിദേശകാര്യ മന്ത്രാലയം
text_fieldsറിയാദ്: ഇറാഖി മണ്ണിൽ നിന്ന് സൗദി അറേബ്യക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിലും ഭീഷണികളിലും കടുത്ത പ്രതിഷേധവുമായി സൗദി അറേബ്യ. വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് സൗദി വിദേശകാര്യ മന്ത്രാലയം ഇറാഖ് അംബാസഡർ സഫിയ അൽസുഹൈലിനെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിെൻറ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഡോ. സഊദ് അൽസാത്വി, ഇറാഖ് അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദിയുടെ ശക്തമായ പ്രതിഷേധക്കുറിപ്പ് കൈമാറി. ഇറാഖി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അയൽരാജ്യങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സുരക്ഷ ഭീഷണികളെയും ആക്രമണങ്ങളെയും അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതിെൻറ അനിവാര്യത അദ്ദേഹം ഇറാഖ് പ്രതിനിധിയെ ബോധ്യപ്പെടുത്തി. രാജ്യത്തിെൻറ പരമാധികാരത്തിന്മേലുള്ള ഏതൊരു ലംഘനത്തെയും മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കങ്ങളെയും സൗദി അറേബ്യ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡോ. സഊദ് അൽസാത്വി ആവർത്തിച്ചു.
ഇത്തരം ശ്രമങ്ങളെ രാജ്യം പൂർണമായും നിരാകരിക്കുന്നു. സ്വന്തം സുരക്ഷയും ഭൂപ്രദേശത്തിെൻറ അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

