മൂന്ന് സൗദി ഫുട്ബാൾ ക്ലബുകൾ സ്വകാര്യ ഉടമസ്ഥതയിലായി
text_fieldsറിയാദ്: സൗദി കായിക മേഖലയിലെ നിക്ഷേപ, സ്വകാര്യവൽക്കരണ സംരംഭത്തിന്റെ ഭാഗമായി മൂന്ന് ഫുട്ബാൾ ക്ലബുകളുടെ സ്വകാര്യവത്കരിക്കണ നടപടികൾ പൂർത്തിയായി. അൽഅൻസാർ, അൽഖലൂദ്, അൽസുൽഫി എന്നീ ക്ലബുകളാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയതായി കായിക മന്ത്രാലയം പ്രഖ്യാപിച്ചത്.
ഉടമസ്ഥാവകാശം സ്വകാര്യ നിക്ഷേപകർക്ക് ഔദ്യോഗികമായി കൈമാറി. നജം അൽസലാം കമ്പനിയാണ് ‘അൽസുൽഫി എഫ്.സി’യെ ഏറ്റെടുത്തത്. ഹാർബർഗ് ഗ്രൂപ് ‘അൽഖലൂദ് എഫ്.സി’യുടെയും ഔദ അൽബലാദി ആൻഡ് സൺസ് കമ്പനി ‘അൽഅൻസാർ എഫ്.സി’യുടെയും ഉടമസ്ഥരായി.കഴിഞ്ഞ വർഷം അൽഅൻസാർ, അൽഉഖ്ദൂദ്, അൽഖലൂദ്, അൽസുൽഫി, അൽഒറൂബ, അൽനഹ്ദ എന്നീ ആറ് ക്ലബുകളുടെ സ്വകാര്യവൽക്കരണമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. അവശേഷിക്കുന്ന അൽനഹ്ദ, അൽഉഖ്ദൂദ്, അൽഒറൂബ എന്നിവയുടെ മൂല്യനിർണയ നടപടികൾ തുടരുന്നതേയുള്ളൂ. വൈകാതെ ഇവയും സ്വകാര്യ നിക്ഷേപകരുടെ കൈകളിലാവും. ഭരണകൂടത്തിന്റെ പിന്തുണയോടെ സൗദി കായികരംഗത്ത് ഒരു ചരിത്ര നിമിഷത്തിന് നാം സാക്ഷ്യം വഹിക്കുകയാണെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്നും കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ സ്വകാര്യവത്കരണത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു. സ്വകാര്യവത്കരണ നടപടികൾ പൂർത്തിയായ ക്ലബുകളെ അഭിനന്ദിക്കുകയും സൗദിയുടെ കായിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്വകാര്യ മേഖലയെ ഒരു പ്രധാന പങ്കാളിയായി സ്വാഗതം ചെയ്തു. ക്ലബുകളുടെ സന്നദ്ധത, നിക്ഷേപകരുടെ താൽപര്യം, മത്സരാധിഷ്ഠിത ലേലം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഭാവിയിലെ സ്വകാര്യവൽക്കരണങ്ങൾ മുന്നോട്ട് പോകുന്നതെന്ന് മന്ത്രാലയം പറഞ്ഞു. മത്സരാധിഷ്ഠിതവും പ്രഫഷനലുമായ ഒരു കായിക മേഖല കെട്ടിപ്പടുക്കുന്നത് തുടരുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും കായികമന്ത്രി പറഞ്ഞു.
പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിനും സൗദി കായിക മേഖലയിലുടനീളം സ്വകാര്യമേഖലയുടെ പങ്കാളിത്തം ആകർഷിക്കുന്നതിനുമുള്ള ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ് സ്വകാര്യവൽക്കരണ ശ്രമങ്ങൾ. രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക കായിക വ്യവസായം സൃഷ്ടിക്കപ്പെടുന്ന പ്രക്രിയയാണ് രാജ്യത്ത് പുരോഗമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.