പാരമ്പര്യവും വൈദഗ്ധ്യവും; ഒത്തുചേർന്ന അൽ അഹ്സയിലെ ക്രാഫ്റ്റ്സ്മാൻ മാർക്കറ്റ് ശ്രദ്ധേയമാകുന്നു
text_fieldsഅൽ അഹ്സ: ചരിത്രവും പാരമ്പര്യവും സംസ്കാരവുമൊന്നിക്കുന്ന അൽ അഹ്സയിലെ ക്രാഫ്റ്റ്സ്മാൻ മാർക്കറ്റ് (സൂഖ് അൽഹർഫിയീൻ) ശ്രദ്ധേയമാകുന്നു. അൽ അഹ്സയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹാൻഡ്ക്രാഫ്റ്റ് കാസിൽ സൗദി അറേബ്യയുടെ സമ്പന്നമായ ഹസ്തകല പൈതൃകത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്. ഹസ്തകലയും ജനകലയും ഉൾപ്പെടുത്തി യുനെസ്കോയുടെ ക്രിയേറ്റിവ് സിറ്റീസ് നെറ്റ്വർക്ക് അംഗീകാരം നേടിയ ഈ സാംസ്കാരിക കേന്ദ്രം, സൗദി കലാകാരന്മാരുടെ തലമുറകളായി കൈമാറിവന്ന പാരമ്പര്യങ്ങളെ ആഴത്തിൽ അനുഭവിക്കാനാകുന്ന രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്നു. അൽ-അഹ്സ യുടെ സവിശേഷമായ വാസ്തുവിദ്യശൈലിയിലാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്.
ചരിത്രപ്രസിദ്ധമായ ഹുഫൂഫ് ജില്ലയുടെ മധ്യഭാഗത്തായിട്ടാണ് ക്രാഫ്റ്റ്സ്മാൻ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. 2015 യുനെസ്കോയുടെ ക്രിയേറ്റിവ് സിറ്റീസ് നെറ്റ്വർക്കിലേക്ക് അൽ-അഹ്സ പ്രവേശിച്ചതിനെ തുടർന്ന് കരകൗശല, നാടൻ കലകളുടെ സൃഷ്ടിപരമായ മേഖലയിൽ വിപുലീകരണത്തിന്റെ ഭാഗമായാണ് അൽ-അഹ്സ മുനിസിപ്പാലിറ്റി ഈ കെട്ടിടം സ്ഥാപിച്ചത്. റസ്റ്റാറന്റുകൾ, കഫേകൾ സ്ക്വയർ, ഉയർന്ന പരിചയസമ്പന്നരായ വിദഗ്ധരുടെ കരകൗശല വസ്തുക്കൾ പഠിപ്പിക്കുന്നതിനുള്ള അക്കാദമി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അൽ അഹ്സയിലെ ക്രാഫ്റ്റ്സ്മാൻ മാർക്കറ്റ് - ചിത്രം: ജെയ്സൺ ഫ്രാൻസിസ്
പ്രകൃതിദത്ത പ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന രീതിയിൽ മേൽക്കൂരയുള്ള നടപ്പാതകളും തുറന്ന കൊറിഡോറുകളും മനോഹരമായി ഒരുക്കിയിരിക്കുന്നു. അൽ അഹ്സയുടെ വാസ്തുവിദ്യ ശൈലിയിലുള്ള 12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ കെട്ടിടത്തിനുള്ളിൽ 98-ഓളം സ്റ്റാളുകൾ പഴമയുടെ സൗരഭ്യം നിറഞ്ഞ അന്തരീക്ഷത്തോടെ നിലനിൽക്കുന്നു. 2015ൽ അൽ അഹ്സ യുനെസ്കോയുടെ നെറ്റ്വർക്കിൽ ചേരുന്നതിന്റെ ഭാഗമായും, സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും സ്ഥാപിച്ചതാണിത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വിപണിയെ ആറു പ്രധാന ‘വീഥികളായി വിഭജിച്ചിരിക്കുന്നു.
സ്വർണക്കച്ചവടത്തിലെ മിനുക്കും പരമ്പരാഗത ആഭരണങ്ങളും, മരപ്പണിയുടെ മനോഹാരിതയും വെങ്ങാലും ഇരുമ്പും കൊണ്ടുള്ള ഉപകരണങ്ങളും അലങ്കാരവസ്തുക്കളും, പനപ്പൊക്കിൽ തീർത്ത കൊട്ടകളും ചട്ടകളും, ബിഷ്ത് മുതൽ കൈത്തറി വരെ പാരമ്പര്യ വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബെൽറ്റുകൾ, ബാഗുകൾ തുടങ്ങിയ തോൽ ഉത്പന്നങ്ങൾ, പാത്ര നിർമാണം, കൂടുകൾ, കലാസൃഷ്ടികൾ തുടങ്ങിയവയാണ് പ്രധാന കച്ചവടം. അൽ അഹ്സയുടെ കൈവേലകളെ സംരക്ഷിക്കാനും പ്രാദേശിക കലാകാരന്മാർക്ക് സ്ഥിരമായ വിൽപന-പരിശീലന അവസരങ്ങൾ ഒരുക്കാനും ക്രാഫ്റ്റ്സ്മാൻ മാർക്കറ്റ് ലക്ഷ്യമിടുന്നു. മാർക്കറ്റിനു പുറത്ത് വിശാലമായ കാർപാർക്കിങ്ങും പനയോലകൊണ്ടു നിർമിച്ച മേൽക്കൂരകൾ ഉള്ള പഴങ്ങളുടെയും മറ്റും പ്രാദേശിക വിപണിയും കാണാം
കിഴക്കൻ പ്രവിശ്യയിലെ പ്രാദേശികരും വിദേശ വിനോദസഞ്ചാരികളുമായവർക്ക് ഇത് അപൂർവ അനുഭവമാണ്. ശേഖരകർക്ക് അപൂർവ കലാസൃഷ്ടികളും ഓർമപ്പതിപ്പുകളും ഇവിടെ ലഭ്യമാണ്. വിദ്യാർഥികളും കലാപ്രേമികളും കൈവേല പരിശീലന പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. വൈകുന്നേരങ്ങളിൽ സാധാരണയായി 4 മണി മുതൽ 10 മണിവരെ വിപണി സജീവമാണ്. റമദാൻ, പെരുന്നാൾ തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ സമയം മാറാറുണ്ട്.
ഹാൻഡ്ക്രാഫ്റ്റ് കാസിലിൽ എത്തുന്നവർക്ക് അൽ അഹ്സയിലെ വിദഗ്ധർ നിർമിച്ച സമ്പന്നമായ ഹസ്തകലാസൃഷ്ടികൾ കാണാനും സ്വന്തമാക്കാനും അവസരമുണ്ട്. മൺപാത്ര നിർമ്മാണം, നെയ്ത്ത്, മരപ്പണി, ലോഹപ്പണി തുടങ്ങി ഓരോ കലാസൃഷ്ടിയിലും തലമുറകളായി കൈമാറിയ അറിവിന്റെയും സൃഷ്ടിപരമായ കഴിവിന്റെയും പ്രതിഫലനമുണ്ട്. യഥാർഥ പൈതൃക സ്മരണികകൾ വാങ്ങാനോ സൗദി സംസ്കാരത്തിന്റെ സൗന്ദര്യം നേരിട്ട് അനുഭവിക്കാനോ ആഗ്രഹിക്കുന്നവർക്കെല്ലാം ഹാൻഡ്ക്രാഫ്റ്റ് കാസിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.