സൗദി കിഴക്കൻ മേഖലയിൽ വാഹനാപകടങ്ങൾ 76 ശതമാനം കുറഞ്ഞു
text_fieldsദമ്മാം: ശക്തമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സൗദി കിഴക്കൻ പ്രവിശ്യയിയിൽ വാഹനാപകടങ്ങൾ 76 ശതമാനം കുറച്ചതായി റിപ്പോർട്ട്. അപകടം മൂലമുള്ള മരണങ്ങൾ 72 ശതമാനം കുറഞ്ഞതായും ഗതാഗത സുരക്ഷാസമിതി വ്യക്തമാക്കി. ഗുരുതരപരിക്കേൽക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ഇതിലൂടെ 26 ലക്ഷം ഡോളറിെൻറ ചെലവാണ് കുറഞ്ഞത്.
കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ഗവർണറേറ്റിൽ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഗതാഗത സുരക്ഷാസമിതി സെക്രട്ടറി ജനറൽ അബ്ദുല്ല അൽരാജ്ഹിയും ഏജൻസികളും യോഗത്തിൽ പങ്കെടുത്തു. പ്രവിശ്യയിലെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനും റോഡ് സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെട്ടതിനുമുള്ള തെളിവാണ് ഈ കണക്കുകളെന്ന് അമീർ സഊദ് ബിൻ നാഇഫ് പറഞ്ഞു.
വാഹനമോടിക്കുന്നവർക്കുള്ള അവബോധം, കർശനമായി പാലിക്കപ്പെടുന്ന ഗതാഗത നിയന്ത്രണങ്ങൾ, മറ്റ് നൂതന സാങ്കേതിക വിദ്യകളുടെ സഹായം എന്നിവ അപകടം കുറക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ നിലവിൽ പുറത്തിറങ്ങുന്ന ആധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ ഏറെ സഹായിക്കുന്നുണ്ടെങ്കിലും മനുഷ്യെൻറ പെരുമാറ്റം അതിനെയെല്ലാം മറികടക്കുകയാണ്. തുടർച്ചയായ വിദ്യാഭ്യാസവും ബോധവത്കരണ കാമ്പയിനുകളും കൊണ്ട് മാത്രമേ ഇതിനെ തിരുത്തുവാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2024 അവസാനത്തോടെ ഗതാഗത സുരക്ഷാ പാലനത്തിൽ കിഴക്കൻ പ്രവിശ്യ ദേശീയതലത്തിൽ ഒന്നാമതെത്തി. 17 ദേശീയ സുരക്ഷാ സൂചകങ്ങളിൽ 12 എണ്ണം കൃത്യമായി പാലിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് സുരക്ഷാസമിതി സെക്രട്ടറി ജനറൽ അബ്ദുല്ല അൽരാജ്ഹി പറഞ്ഞു.
ഗവർണറുടെ നേതൃത്വത്തിലുള്ള ഒരു സംയോജിത മാതൃകയുടെ ഭാഗമായി റോഡ് എൻജിനീയറിങ്, എൻഫോഴ്‌സ്‌മെൻറ്, പൊതുവിദ്യാഭ്യാസം, അടിയന്തര പ്രതികരണം എന്നിവ ഇതിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയുടെ റോഡ് ശൃംഖല 80 ശതമാനം സുരക്ഷാ റേറ്റിങ് നേടി. ജോലി മേഖലകളും വഴിതിരിച്ചുവിടലുകളും 95 ശതമാനം സുരക്ഷാ പാലനത്തിലെത്തി.
ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങൾ അംഗീകരിച്ച ഗതാഗത സുരക്ഷക്ക് കിഴക്കൻ പ്രവിശ്യയെ ഒരു മാതൃകയാക്കി ഈ മുന്നേറ്റങ്ങൾ മാറ്റിയതായി അൽരാജ്ഹി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.