റിയാദിന് നേരെ രണ്ട് ക്രൂസ് മിസൈലുകൾ; തടഞ്ഞപ്പോൾ അവശിഷ്ടങ്ങൾ വീണ് നാലുപേർക്ക് പരിക്ക്; 15 വീടുകൾക്ക് നാശനഷ്ടം
text_fieldsമിസൈൽ അവശിഷ്ടം വീണ് റിയാദിൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായപ്പോൾ
റിയാദ്: റിയാദ് നഗരത്തിന് നേരെ വന്ന രണ്ട് ക്രൂസ് മിസൈലുകൾ ആകാശത്തുവെച്ച് തടഞ്ഞു നശിപ്പിച്ചതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമടക്കം നാല് പേർക്ക് പരിക്കേറ്റതായി സിവില് ഡിഫന്സ് ഔദ്യോഗിക വക്താവ് അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട മിസൈലുകളുടെ ചീളുകൾ വീണ് 15വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ഉടൻ തന്നെ നടപ്പിലാക്കിയതായി അധികൃതർ പറഞ്ഞു.
അൽ ഖർജിലേക്ക് ക്രൂസ് മിസൈൽ
റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിലേക്ക് വന്ന ഒരു ക്രൂസ് മിസൈൽ തകർത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലിക്കി അറിയിച്ചു. റിയാദിനെയും രാജ്യത്തിന്റെ തെക്കൻ മേഖലയെയും ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകളും, റിയാദിലേക്ക് തൊടുത്ത നാല് ക്രൂസ് മിസൈലുകളും ഇന്നലെ (ചൊവ്വാഴ്ച) രാത്രി തടഞ്ഞു നശിപ്പിച്ചതായി ബ്രിഗേഡിയർ ജനറൽ അൽ മാലിക്കി ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു.
ദഹ്റാനിലെ അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ നഗരത്തിലുള്ള സൗദി അരാംകോ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളിലൊന്നിന് നേരെ ഇന്നലെ (ചൊവ്വാഴ്ച) രാത്രി ആക്രമണം ഉണ്ടായതായി ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതായും, സംഭവത്തിൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് സ്ഥിരീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

