റെഡ് ക്രസന്റ് ചിഹ്നം അനധികൃതമായി ഉപയോഗിച്ചാൽ കടുത്ത ശിക്ഷ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ റെഡ് ക്രസന്റ് ചിഹ്നവും പേരും സമാനമായ അടയാളങ്ങളും ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളോട് സൗദി ആരോഗ്യ കൗൺസിൽ ആവശ്യപ്പെട്ടു. ലൈസൻസില്ലാതെ റെഡ് ക്രസന്റ് ചിഹ്നം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 10 ലക്ഷം റിയാലിൽ കുറയാത്ത പിഴയും ചുമത്തുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.
റെഡ് ക്രസന്റ് ചിഹ്നത്തിന്റെയും പേരിന്റെയും സമാന ചിഹ്നങ്ങളുടെയും ഉപയോഗത്തിനും സംരക്ഷണത്തിനുമുള്ള സംവിധാനം പ്രാബല്യത്തിൽ വന്നതായി കൗൺസിൽ ഊന്നിപ്പറഞ്ഞു. മാനുഷികവും ആരോഗ്യപരവുമായ സംവിധാനങ്ങളിൽ സമഗ്രത കൈവരിക്കുന്നതിന് ഈ വ്യവസ്ഥകൾ പാലിക്കേണ്ടത് പ്രധാനമാണെന്നും കൗൺസിൽ അറിയിച്ചു.
റെഡ് ക്രസന്റ് ചിഹ്നത്തിന്റെയും പേരിന്റെയും സമാന ഇനങ്ങളുടെയും ഉപയോഗത്തിനും സംരക്ഷണത്തിനുമുള്ള സിസ്റ്റത്തിലെ ആർട്ടിക്കിൾ 10 അനുസരിച്ചാണ് നിയമം നടപ്പിലാക്കുക. മറ്റ് നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കൂടുതൽ കഠിനമായ ശിക്ഷകൾക്ക് പുറമെ അധികാരികളിൽ നിന്ന് ലൈസൻസോ അല്ലെങ്കിൽ മന്ത്രാലയത്തിൽ നിന്ന് അംഗീകാരമോ ഇല്ലാതെ ആരെങ്കിലും റെഡ് ക്രസന്റ് ചിഹ്നമോ പേരോ സമാന ചിഹ്നങ്ങളോ ഉപയോഗിക്കുകയാണെങ്കിൽ അവർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവോ 10 ലക്ഷം റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും.
കൂടാതെ ലൈസൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ന്യായമായ കാരണമില്ലാതെ ആരെങ്കിലും ചിഹ്നമോ പേരോ ഉപയോഗിക്കുകയാണെങ്കിലും ഇതേ ശിക്ഷകൾ ബാധകമാകും. സായുധ പോരാട്ട സമയത്ത് ഒറ്റിക്കൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ ബാഡ്ജ് ഉപയോഗിക്കുന്നവർക്ക് 15 വർഷത്തിൽ കൂടാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും സിസ്റ്റത്തിന്റെ ആർട്ടിക്കിൾ 11 വ്യവസ്ഥ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

