ചരിത്രം കുറിച്ച് അമേരിക്ക-സിറിയ പ്രസിഡൻറുമാരുടെ കൂടിക്കാഴ്ച
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിദ്ധ്യത്തിൽ സിറിയൻ പ്രസിഡൻറ് അഹ്മദ് അൽഷാരായുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നു
റിയാദ്: സിറിയൻ പ്രസിഡൻറ് അഹ്മദ് അൽഷാരായുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. റിയാദിലെ കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെൻററിൽ ഗൾഫ്-യു.എസ് ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പങ്കെടുത്ത ചർച്ചയാണ് നടന്നത്. തുർക്കി പ്രസിഡൻറ് ഉർദുഗാൻ ടെലിഫോണിലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും അമേരിക്ക നീക്കുമെന്ന് ട്രംപ് റിയാദിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. 35 വർഷത്തിന് ശേഷമാണ് ഒരു സിറിയൻ പ്രസിഡൻറ് അമേരിക്കൻ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുന്നത്.
33 മിനിറ്റിലേറെ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. അത് സിറിയൻ ജനത പ്രതീക്ഷിച്ചതിലും അധികമായെന്ന് ഡമസ്കസിലെ അൽ ജസീറ ലേഖകൻ ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലവൻറ് (ഐ.എസ്.ഐ.എൽ, ദാഇഷ്) എന്ന ഭീകരവാദ സംഘടനയുടെ തിരിച്ചുവരവ് തടയാൻ യു.എസുമായി സഹകരിക്കാൻ ട്രംപ് അഹ്മദ് അൽഷാരായോട് ആഹ്വാനം ചെയ്തതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
സിറിയയിൽനിന്ന് ഇറാൻ പിൻവാങ്ങിയതിന്റെ വെളിച്ചത്തിൽ ഇതൊരു അവസരമാണെന്നും ‘ഭീകരത’ക്കെതിരെ പോരാടുന്നതിലും രാസായുധങ്ങൾ ഇല്ലാതാക്കുന്നതിലും സിറിയ വാഷിങ്ടണുമായി താൽപ്പര്യങ്ങൾ പങ്കിട്ടിട്ടുണ്ടെന്നും ട്രംപിനോട് താൻ യോജിക്കുന്നുവെന്നും അഹ്മദ് അൽഷാരാ പ്രതികരിച്ചു. എല്ലാ വിദേശ ‘ഭീകരരെയും’ നാടുകടത്താൻ ട്രംപ് സിറിയൻ പ്രസിഡൻറിനോട് ആവശ്യപ്പെട്ടു. സിറിയയ്ക്കുള്ളിലെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായിരുന്നു കൂടിക്കാഴ്ചയും ചർച്ചയും. സിറിയയും യു.എസും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകുന്നതിനുള്ള രൂപരേഖ പോലെയായി ഇത് മാറിയെന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.