വാലി റിസോർട്ട്; അസീറിന്റെ പച്ചച്ചോലയിലെ ആഡംബരം
text_fieldsവാലി റിസോർട്ടിലെ കൃഷിപ്പാടം
അബ്ഹ: സൗദി അറേബ്യയുടെ ‘ഗ്രീൻ മൗണ്ടൻ സിറ്റി’ എന്നറിയപ്പെടുന്ന അസീർ മേഖലയിൽ, പച്ചപ്പണിഞ്ഞ പ്രകൃതിയുടെ മടിത്തട്ടിലെ ആഡംബര വിനോദസഞ്ചാര കേന്ദ്രമാണ് വാലി റിസോർട്ട്. ഭൂരിപക്ഷവും മരുഭൂമിയായ രാജ്യത്തെ ഈ അപൂർവ പച്ചച്ചോലകൾ സന്ദർശകരെ വിസ്മയപ്പെടുത്തുന്നതാണ്. അബ്ഹയിൽനിന്ന് വെറും 45 മിനിറ്റ് ദൂരം സഞ്ചരിച്ചാൽ ഈ റിസോർട്ടിലേക്ക് എത്താൻ കഴിയും.
ഖമീസ് മുശൈത്തിൽനിന്ന് ബീഷയിലേക്ക് പോകുന്ന റൂട്ടിൽ വാദി ബിൻ ഹാഷ്ബൽ എന്ന സ്ഥലത്താണ് ഈ മനോഹര സ്ഥലം. റുമാനും അത്തിയും ഈന്തപ്പനകളും വാഴയും സ്ട്രോബറിയും ഉൾെപ്പടെ നിരവധി പഴവർഗങ്ങളുടെയും കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുള്ള നിരവധി വിനോദോപകരണങ്ങളും പരിപാടികളും ഇവിടെ ഒരുക്കിയിരിക്കുന്നു. കൃഷിയിടത്തിലെ ആഡംബരമാണ് ഈ വാലി റിസോർട്ട് എന്ന് സ്ഥാപന ഡയറക്ടർ സാദ് മിസ്ഫർ അൽ വകീദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇവിടത്തെ മറ്റൊരു ആകർഷണം ലയാലി അൽ വാദി ഫെസ്റ്റിവലാണ്. സൗദി സംസ്കാരത്തിന്റെ നൃത്ത-സംഗീത-പാചകങ്ങൾ ഒരേ സ്ഥലത്ത് കാണാം. അബ്ഹയിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്ക്രീനും ഇവിടെയൊരുക്കിയിരിക്കുന്നു. നിരവധി കമ്പനികളുടെ ഷോറൂമുകളും ഭക്ഷണശാലകളും ഇതിനകത്തുണ്ട്. സ്ട്രോബറി ഹാളിൽ ചെടികളിൽനിന്ന് നേരിട്ട് സ്ട്രോബറി പഴങ്ങൾ പറിച്ചെടുക്കാം. ഇവിടെയുള്ള ഫാമുകളിലെ ഫലങ്ങൾ ഇവിടെനിന്ന് നേരിട്ട് വിലയ്ക്ക് വാങ്ങാനും കഴിയും.
സ്കൂൾ അവധിക്കാലമായതിനാൽ ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഒന്ന് വരെയും മറ്റു ദിവസങ്ങളിൽ രാത്രി 11 വരെയുമാണ് പ്രവൃത്തിദിനം. പ്രവേശനത്തിന് 20 റിയാൽ മുതിർന്നവർക്കും അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യവുമാണ്. അവധി ദിനങ്ങളിൽ 10,000 ത്തോളം പേർ സന്ദർശിക്കുന്ന ഇവിടം വിനോദസഞ്ചാരികളുടെ പറുദീസയാണെന്ന് സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം പട്ടാമ്പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.