കാലാവസ്ഥ വ്യതിയാനം: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി കിഴക്കൻ പ്രവിശ്യ
text_fieldsഅൽഖോബാർ: മിതമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ കിഴക്കൻ പ്രവിശ്യ പൂർണമായി തയാറായതായി മുനിസിപ്പാലിറ്റി അറിയിച്ചു. 997ലധികം പൊതു ഉദ്യാനങ്ങളും തോട്ടങ്ങളും, 14 വാട്ടർഫ്രണ്ടുകളും, 213 വോക്കിങ് ട്രാക്കുകളും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു.
വിവിധ നഗരങ്ങളിലും ജില്ലകളിലും വ്യാപിച്ചിരിക്കുന്ന ഈ സൗകര്യങ്ങൾ കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. സൗദി അറേബ്യയുടെ വിഷൻ 2030 പ്രകാരം ടൂറിസം വളർച്ചയും, ജനജീവിത നിലവാര മെച്ചപ്പെടുത്തലും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
കിഴക്കൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ദമ്മാം, കഫേകളും ഷോപ്പിങ് മാളുകളും ലക്ഷ്യൂറി ഹോട്ടലുകളും ബീച്ചും സജീവമായ വാട്ടർഫ്രണ്ട് നഗരമായ അൽ ഖോബാർ, സൗദി അറാംകോയുടെ ആസ്ഥാനമായ, ലോകോന്നത മ്യൂസിയങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും പ്രശസ്തമായ ദഹ്റാൻ, പ്രധാന വ്യാവസായിക കേന്ദ്രമായ ജുബൈൽ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഓയാസിസ് നിലകൊള്ളുന്ന അൽ അഹ്സ എന്നിവയാണ് കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ.
കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഒരുക്കിയ പാർക്കുകൾ, കായിക പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങൾ, ആരോഗ്യദായകമായ നടപ്പാതകൾ തുടങ്ങി സമഗ്ര സേവന സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. ദിനംപ്രതി നഗരഭൂദൃശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ചത്വരങ്ങളും കളിസ്ഥലങ്ങളും ശുചിയാക്കൽ, റോഡുകളും തെരുവുകളും സംരക്ഷിക്കൽ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കിഴക്കൻ പ്രവിശ്യയെ സമഗ്ര സഞ്ചാരകേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങൾ ജനങ്ങൾക്കും സന്ദർശകർക്കും ഗുണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ സീസണിൽ കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും കിഴക്കൻ പ്രവിശ്യ ഒരു മനോഹരമായ ലക്ഷ്യസ്ഥാനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

