പഞ്ചദിന ഡബ്ല്യു.പി.സി എനർജി കോൺഗ്രസ് ഒക്ടോബർ 11 മുതൽ റിയാദിൽ
text_fieldsറിയാദ്: ആഗോള ഊർജമേഖലയിലെ പ്രമുഖരുടെ സംഗമമായ ഡബ്ല്യു.പി.സി എനർജി കോൺഗ്രസിന്റെ 25ാമത് എഡിഷൻ ഒക്ടോബർ 11 മുതൽ 15 വരെയുള്ള തിയ്യതികളിൽ റിയാദിൽ നടക്കും. സൗദി അറേബ്യയിൽ ആദ്യമായാണ് ലോകത്തെ പ്രമുഖ ഊർജ സമ്മേളനമായ ഡബ്ല്യു.പി.സി എനർജി കോൺഗ്രസ് അരങ്ങേറുന്നത്. റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിലാണ് അഞ്ചുദിവസത്തെ സമ്മേളനം.
‘എല്ലാവർക്കുമായി ഊർജഭാവിയിലേക്കുള്ള മാർഗങ്ങൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന കോൺഗ്രസിൽ ഊർജ മന്ത്രിമാർ, വ്യവസായ പ്രമുഖർ, നയരൂപവത്കരണ വിദഗ്ധർ, നിക്ഷേപകർ, വിവിധ രാജ്യങ്ങളിലെ ഊർജമേഖലാ വിദഗ്ധർ എന്നിവർ പങ്കെടുക്കും. 25,000ത്തിലേറെ പ്രതിനിധികളും 100 ഊർജമന്ത്രിമാരും 500 സി.ഇ.ഒമാരും 800 പ്രഭാഷകരും 1,000 കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഊർജസുരക്ഷ, ആഗോള എണ്ണ-വാതക വിപണി, നിർമിതബുദ്ധി, ഡിജിറ്റൽ പരിവർത്തനം, നിക്ഷേപം, നിർണായക ധാതുക്കൾ, കാർബൺ മാനേജ്മെന്റ്, പ്രകൃതിവാതകം, പുനരുപയോഗ ഊർജം, ഭാവിയിലെ ഊർജമിശ്രിതം തുടങ്ങിയ വിഷയങ്ങളിൽ 30ലേറെ മന്ത്രിതല, തന്ത്രപ്രധാന സെഷനുകൾ നടക്കും. ഒക്ടോബർ 11ന് മന്ത്രിതല ഗാലാ ഡിന്നറോടെ പരിപാടികൾക്ക് തുടക്കമാകും. ഒക്ടോബർ 12ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ, ഡബ്ല്യു.പി.സി എനർജി പ്രസിഡന്റ് പെഡ്രോ മിറാസ് എന്നിവർ പ്രധാന പ്രഭാഷകരായിരിക്കും.
ആഗോള ഊർജ നിക്ഷേപം 2026ൽ റെക്കോർഡ് 3.4 ട്രില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 2.2 ട്രില്യൺ ഡോളർ ശുദ്ധ ഊർജം, വൈദ്യുതി ഗ്രിഡുകൾ, സംഭരണ സംവിധാനങ്ങൾ, ഊർജക്ഷമത തുടങ്ങിയ മേഖലകളിലേക്കായിരിക്കും നീങ്ങുക. എണ്ണ, വാതകം, കൽക്കരി മേഖലകളിലേക്ക് ഏകദേശം 1.2 ട്രില്യൺ ഡോളറും നിക്ഷേപിക്കപ്പെടുമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്ക്.
സൗദി അരാംകോ, സീമെൻസ് എനർജി, മൈക്രോസോഫ്റ്റ്, സാംസങ് ഇ&എ തുടങ്ങിയ കമ്പനികളുടെ മേധാവികൾ ഊർജമേഖലയിൽ എ.ഐയും ഡിജിറ്റൽ സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. ബി.പി സി.ഇ.ഒ മെഗ് ഒ’നീൽ, എക്സോൺമൊബിൽ ചെയർമാനും സി.ഇ.ഒയുമായ ഡാരൻ വുഡ്സ്, ടോട്ടൽ എനർജീസ് ചെയർമാനും സി.ഇ.ഒയുമായ പാട്രിക് പുയാനെ എന്നിവരും പങ്കെടുക്കും.
സൗദിയുടെ വിഷൻ 2030 പരിവർത്തനം, ആഗോള ഊർജ സമ്പദ്വ്യവസ്ഥയിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന പങ്ക് എന്നിവ ചർച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിതല സംവാദവും നടക്കും. കാർബൺ ക്യാപ്ചർ, കാർബൺ വിപണി, പുനരുപയോഗ ഊർജം, നിർണായക ധാതുക്കളുടെ വിതരണശൃംഖല, ഊർജസുരക്ഷ തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിന്റെ ഭാഗമാകും.
കോൺഗ്രസിനോടനുബന്ധിച്ച് ഒക്ടോബർ 11 മുതൽ 15 വരെ റിയാദ് എനർജി വീക്ക് നടക്കും. വിവിധ മന്ത്രിതല യോഗങ്ങൾ, വ്യവസായ സംഗമങ്ങൾ, നെറ്റ്വർക്കിങ് പരിപാടികൾ, വനിതകൾക്കും യുവപ്രവർത്തകർക്കുമായി പ്രത്യേക പരിപാടികൾ, എനർജി ഹാക്കത്തോൺ, എനർജി ഗെയിംസ് തുടങ്ങിയവയും കോൺഗ്രസ്സിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

