ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ 70-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ - സി.എ മുസ മൗലവി
text_fieldsദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്റ്റേറ്റ് സെക്രട്ടറി സി.എ മുസ മൗലവി, ഡി.കെ.ഐ.സി.സി നേതാക്കൾ എന്നിവർ ജിദ്ദയിൽ വാർത്താസമ്മേളത്തിൽ സംസാരിക്കുന്നു
ജിദ്ദ: തെക്കൻ കേരളത്തിൽ ഇസ്‌ലാമിക നവോത്ഥാനത്തിനായി നിലകൊള്ളുന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ അതിന്റെ 70-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന ബഹുമുഖ പരിപാടികളോടെ സമുചിതമായി ആചരിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി സി.എ മുസ മൗലവി ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളത്തിൽ അറിയിച്ചു.
2026 ജനുവരി 19 ന് കൊല്ലം ആശ്രാമം മൈതാനിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. 'ഉറച്ച ആദർശം ഒരുമയുള്ള ഉമ്മത്ത് ' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങി രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ മത, സാമുദായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. താലൂക്ക്, ജില്ലാ പ്രവർത്തക കൺവെൻഷനുകൾ, മതസൗഹൃദ കൂട്ടായ്മകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മഹല്ലുതല കൂട്ടായ്മകൾ, മീലാദ് പ്രോഗ്രാമുകൾ, മാധ്യമ സെമിനാർ, യുവജന സമ്മേളനം, വിദ്യാർത്ഥി കൺവെൻഷൻ തുടങ്ങിയ വിവിധ പരിപാടികൾ സമയ ബന്ധിതമായി നടന്നുകൊണ്ടിരിക്കുന്നു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സംഘടനാ നേതൃത്വത്തിലുള്ളവരും സഹയാത്രികരും അനുഭാവികളുമായിട്ടുള്ള ഒട്ടനവധിയാളുകൾ പ്രവാസ ലോകത്തുണ്ട്. അവരുടെ സംഘടനാ ബന്ധം നിലനിർത്തി മത, സാമൂഹിക, സാംസ്കാരിക, പ്രബോധന മേഖലകളിൽ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പോഷക ഘടകമാണ് ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ. (ഡി.കെ.ഐ.സി.സി). അതിൻ്റെ രണ്ടു പ്രഖ്യാപിത പദ്ധതികളിൽ ഒന്നായ മീലാദ് കാമ്പയിനും രണ്ടാം വാർഷികവും റബീഉൽ അവ്വൽ ഒന്ന് മുതൽ 30 വരെ ആഘോഷിക്കുകയാണ്.
നിലവിൽ ഗ്ലോബൽ, നാഷനൽ, സെൻട്രൽ, ഏരിയാ എന്നീ തലങ്ങളിലായി ജി.സി.സി രാഷ്ടങ്ങളിൽ 29 കമ്മിറ്റികൾക്കു രൂപം നൽകി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മലേഷ്യ, മുംബൈ, ബാഗ്ലൂർ എന്നിവിടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയും കമ്മിറ്റികൾ രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോഓർഡിനേറ്റർമാരെ നിശ്ചയിക്കുകയും ചെയ്തു. ഉടൻ തന്നെ യൂറോപ്യൻ രാജ്യങ്ങളടക്കമുള്ള മറ്റു പ്രദേശങ്ങളിലേക്കും പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ഡി.കെ.ഐ.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും സി.എ മുസ മൗലവി അറിയിച്ചു.
നമ്മുടെ പൈതൃകത്തിനും ബഹുസ്വരതയ്ക്കും പരസ്പര ഗുണകാംക്ഷാ മനോഭാവത്തിനും മതേതര സംവിധാനങ്ങൾക്കും കടുത്ത ഭീഷണിയായിട്ടുള്ള സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം മാറേണ്ടതുണ്ട്. വിശിഷ്യാ മുസ്‌ലിം അസ്തിത്വ നിലനിൽപ്പിന് കടുത്ത ഭീഷണിയാണ് നേരിടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര, മാനവ ഐക്യത്തിന് ഉപകരിക്കുന്ന പ്രവർത്തരീതികൾ നമ്മുടെ രാജ്യത്ത് ശക്തിപ്പെടേണ്ടതുണ്ട്. അതിന് വേണ്ടി ശരിയായ അവബോധത്തോടെ മതേതര പ്രസ്ഥാനങ്ങളും പിന്നോക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി യോജിച്ച നിലപാട് സ്വീകരിക്കേണ്ടതുണ്ട്.
സുന്നത്തു ജമാഅത്തിൻ്റെ ആശയാദർശങ്ങളിൽ അടിയുറച്ച് നിന്ന് ഏഴ് പതിറ്റാണ്ടുകളായി തെക്കൻ കേരളത്തിൽ മത, സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തിവരുന്ന മത സംഘടനയാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. സമീപനങ്ങളിലും പ്രബോധന ശൈലിയിലും സവിശേഷമായ രീതികൾ നിലനിർത്തി പോരുന്ന ദക്ഷിണയ്ക്ക് സംഘടനാ ശത്രുക്കളില്ല. സുന്നത്തു ജമാഅത്തിൻ്റെ ഇതര സംഘടനകളുമായി അങ്ങേയറ്റം സൗന്ദര്യാത്മകമായ ബന്ധമാണ് ദക്ഷിണയ്ക്കുള്ളത്. മറ്റ് ആശയങ്ങളോട് വിയോജിക്കേണ്ട ഘട്ടങ്ങൾ വരുമ്പോൾ തികച്ചും ഇസ്‌ലാമികവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ നിന്നുകൊണ്ട് വിയോജിക്കുക എന്നതാണ് പ്രസ്ഥാനത്തിൻ്റെ പ്രവർത്തന ശൈലി. രാഷ്ട്രീയ രംഗത്ത് തികച്ചും ചേരിചേരാ നയം സ്വീകരിച്ചു വരുന്ന ദക്ഷിണയ്ക്ക് പ്രശ്നാധിഷ്ഠിതമായി പ്രതികരിക്കാനും സമീപിക്കാനും സാധിക്കുന്നുണ്ടെന്നും സി.എ മുസ മൗലവി പറഞ്ഞു.
ഡി.കെ.ഐ.സി.സി ഗ്ലോബൽ പ്രസിഡൻ്റ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, കുവൈറ്റ് നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ കലാം മൗലവി അമ്പലംകുന്ന്, ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സൈദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പള്ളി, ചെയർമാൻ അലി തേക്കുതോട്, ജനറൽ സെക്രട്ടറി ദിലീപ് ഉസ്മാൻ താമരക്കുളം, ട്രഷറർ ഷാനവാസ് മണിമല, മസ്ഊദ് ബാലരാമപുരം, റസാഖ് കാഞ്ഞിരപ്പള്ളി, അബ്ദുൽ ലത്തീഫ് മൗലവി കറ്റാനം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.