സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി ജൂലൈയിൽ 15,000 ത്തിലധികം പരിശോധനകൾ നടത്തി
text_fieldsയാംബു: സൗദി സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി ജൂലൈ മാസത്തിൽ രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിലും കടകളിലും 15,000 ത്തിലധികം പരിശോധന സന്ദർശനങ്ങൾ നടത്തി. നികുതി ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും നടപടികൾ കൈകൊണ്ടതായും ബന്ധപ്പെട്ടവർ അറിയിച്ചു. നിരവധി വാണിജ്യ കേന്ദ്രങ്ങളിലും വിപണന ഇടങ്ങളിലും പരിശോധന സംഘങ്ങൾ സന്ദർശനം നടത്തിയതായി അറിയിച്ചു. ചില്ലറ വിൽപ്പന കടകൾ, പുകയില കേന്ദ്രങ്ങൾ, സ്വർണ വില്പന കേന്ദ്രങ്ങൾ, പൊതു സേവന ഇടങ്ങൾ തുടങ്ങിയവകളിലെല്ലാം പരിശോധന നടത്തിയതായി അതോറിറ്റി അറിയിച്ചു.
നികുതി സ്റ്റാമ്പുകളുടെ അഭാവം, ഇലക്ട്രോണിക് ഡെബിറ്റ്, ക്രെഡിറ്റ് അറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെടൽ, ഇലക്ട്രോണിക് നികുതി ഇൻവോയ്സുകൾ നൽകുന്നതിൽ പരാജയപ്പെടൽ എന്നിവ അതോറിറ്റി സംഘങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട നിയമലംഘനങ്ങളാണ്. ബിസിനസ് മേഖലയിലെ നികുതിദായകർക്കിടയിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള നികുതി ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നത് വർധിപ്പിക്കുക, നികുതി നീതി കൈവരിക്കുക, അതോറിറ്റിയുടെ അധികാരപരിധിയിലെ നിർദേശങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാണിജ്യ ഇടപാടുകൾ പരിമിതപ്പെടുത്തുക എന്നിവയാണ് പരിശോധനകൾ വഴി ലക്ഷ്യം വെക്കുന്നത്. സ്ഥാപനങ്ങളിൽ ഏതെങ്കിലും നികുതി ലംഘനങ്ങൾ കണ്ടെത്തിയാൽ zatca.gov.sa വെബ്സൈറ്റ് വഴിയോ ZATCA സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമലംഘനങ്ങളുടെയും പിഴകളുടെയും മൂല്യത്തിന്റെ 2.5 ശതമാനത്തിൽ കവിയാത്ത നിരക്കിൽ പരമാവധി 10 ലക്ഷം റിയാലോ കുറഞ്ഞത് 1,000 റിയാലോ പ്രോത്സാഹന പ്രതിഫലം നൽകുമെന്നും അതോറിറ്റി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.