ആറുമാസം, ഒന്നരക്കോടി യാത്രക്കാർ; കുതിപ്പ് തുടർന്ന് അബൂദബി സായിദ് വിമാനത്താവളം
text_fieldsഅബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം
അബൂദബി: ഈ വർഷം ആദ്യ പകുതിയിൽ 13.1 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത് 1.55 കോടി യാത്രക്കാർ. ദേശീയ കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്റെ വളര്‍ച്ചയും അബൂദബിയില്‍ പുതിയ എയര്‍ലൈനുകള്‍ സേവനം തുടങ്ങിയതും വളർച്ചക്ക് സഹായിച്ച ഘടകങ്ങളാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അബൂദബിയിലെ സായിദ് ഇന്റര്‍നാഷനല്‍, അല്‍ഐന്‍ ഇന്റര്‍നാഷനല്‍, അല്‍ ബതീന്‍ എക്‌സിക്യൂട്ടിവ്, ഡെല്‍മ ഐലന്‍ഡ്, സര്‍ ബനിയാസ് ഐലന്‍ഡ് എയര്‍പോര്‍ട്ട് എന്നീ അഞ്ച് വിമാനത്താവളങ്ങളിലെ യാത്രികരുടെ എണ്ണത്തില്‍ 13.1 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1.58 കോടി യാത്രികരെയാണ് ഈ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തത്.
തുടര്‍ച്ചയായി 17 പാദവാർഷിക റിപ്പോർട്ടുകളിൽ വിമാനത്താവളങ്ങള്‍ വളര്‍ച്ച കൈവരിച്ചതായി വിമാനത്താവളങ്ങളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന അബൂദബി എയര്‍പോര്‍ട്‌സ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ആദ്യ ആറുമാസം ചില പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും അതിനെ മറികടന്നുള്ള ഫലം ശൃംഖലയുടെ പ്രതിരോധശേഷിയും വളര്‍ച്ചക്ക് സഹകരണ പങ്കാളിത്തവും അടയാളപ്പെടുത്തുന്നുവെന്ന് അബൂദബി എയര്‍പോര്‍ട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവുമായ ഇലീന സോര്‍ലിനി പറഞ്ഞു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇത്തിഹാദ് എയര്‍വേസ് 1.02 കോടി യാത്രികരെയാണ് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ധനവാണ് എയര്‍ലൈന്‍ കൈവരിച്ചത്. 2030ഓടെ 38 കോടി യാത്രികരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാണ് ഇത്തിഹാദ് എയര്‍ലൈന്‍ പദ്ധതിയിടുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് അന്റനോല്‍ഡോ നവസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.