യു.എ.ഇയിൽ ഈ വർഷം മഴ പെയ്യിക്കാൻ പറന്നത് 172വിമാനങ്ങൾ
text_fieldsദുബൈ: മഴ ലഭ്യത വർധിപ്പിക്കാനായി ഈ വർഷം ഇതുവരെ 172 ക്ലൗഡ് സീഡിങ് വിമാനങ്ങൾ പറത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻ.സി.എം). രാജ്യത്ത് മഴ 10മുതൽ 25ശതമാനം വരെ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഓരോ സമയത്തെയും മേഘങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന് പുതിയ നിർമ്മിതബുദ്ധി(എ.ഐ) ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയാണ് സീഡിങ് നടത്തുന്നത്. ഇതിലൂടെ സീഡിങ് നടത്തേണ്ട കൃത്യമായ സമയം നിശ്ചയിക്കാൻ സാധ്യമാകും. ഇതിനൊപ്പം സാറ്റലൈറ്റ് ചിത്രങ്ങളും റഡാർ വിവരങ്ങളും ഉപയോഗിച്ച് ആറു മണിക്കൂർ മുമ്പെങ്കിലും മേഘങ്ങളുടെ സഞ്ചാരം മനസിലാക്കിയുമാണ് ക്ലൗഡ് സീഡിങ് നടപ്പിലാക്കുന്നത്. പ്രത്യേക എയർക്രാഫ്റ്റുകൾ ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിൽ പ്രകൃതിദത്ത ലവണങ്ങളും നൂതന നാനോ വസ്തുക്കളും അടിസ്ഥാനമാക്കിയുള്ള നൂതന സീഡിങ് ഏജന്റുകൾ, മേഘങ്ങളിലേക്ക് വൈദ്യുത ചാർജുകൾ എത്തിക്കുന്ന ചാർജ് എമിറ്ററുകൾ എന്നിവ നിലവിലെ ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിൽ ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പദ്ധതി കാര്യക്ഷമമാക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് രാജ്യത്ത് 4.3മില്ലിമീറ്റർ മഴ മാത്രമാണ് രാജ്യത്ത് ലഭിച്ചത്. ഇതേ മാസങ്ങളിൽ 2024ൽ 48.7മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ഈ സീസണിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ജനുവരി 14ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 20.1 മില്ലിമീറ്ററായിരുന്നു. ജനുവരിയിൽ ഏറ്റവും ഉയർന്ന പ്രതിമാസ മഴയും (21.4 മില്ലിമീറ്റർ) ഇവിടെ രേഖപ്പെടുത്തി. അതേസമയം 2024ലെ സീസണിൽ ഏറ്റവും ഉയർന്ന പ്രതിദിന മഴ ഫെബ്രുവരി 12ന് അൽഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റിയിൽ രേഖപ്പെടുത്തിയ 167.1 മില്ലിമീറ്ററാണ്. ഫെബ്രുവരിയിൽ ഉമ്മു ഗഫയിൽ രേഖപ്പെടുത്തിയ 227.9 മില്ലിമീറ്ററായിരുന്നു ഏറ്റവും ഉയർന്ന പ്രതിമാസ മഴ. ‘ലാ നിന’ കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനത്താൽ കഴിഞ്ഞ രണ്ട് വർഷമായി പ്രാദേശിക സമ്മർദ്ദ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് ഈ അസമത്വത്തിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിക്കുന്നത്. ഇത്തവണത്തെ സീസണിൽ റെക്കോർഡ് മഴ ഒരിടത്തും ലഭിച്ചിട്ടില്ല. രാജ്യത്തിന്‍റെ സുസ്ഥിര ജല സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മഴ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.