Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവരൂ സജയിലേക്ക്, സേവന...

വരൂ സജയിലേക്ക്, സേവന മനസ്സുകളുടെ സ്നേഹകൂട്ടായ്മ കാണാന്‍

text_fields
bookmark_border
വരൂ സജയിലേക്ക്,  സേവന മനസ്സുകളുടെ സ്നേഹകൂട്ടായ്മ കാണാന്‍
cancel

ദുബൈ: സമയം വൈകിട്ട് അഞ്ചു മണി. ഷാര്‍ജയിലെ സജ ലേബര്‍ ക്യാമ്പുകളിലേക്കുള്ള മണല്‍ പാതയില്‍ പെട്ടെന്ന് തിരക്ക് വര്‍ധിച്ചു. കാറുകളും ട്രക്കുകളുമെല്ലാം പല ഭാഗത്തു നിന്ന് ക്യാമ്പിന്‍െറ പ്രവേശന വഴികളിലൊന്നിന്‍െറ സമീപമുള്ള നരച്ച മഞ്ഞ കെട്ടിടത്തിന് മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കൊടും ചൂടിലും തൊഴില്‍ മുടക്കാതെ നോമ്പുനോറ്റ ആയിരക്കണക്കിന് പാവങ്ങളായ തൊഴിലാളികള്‍ക്ക്  ഇഫ്താര്‍ ഒരുക്കാനുള്ള ഒരുപറ്റം മനുഷ്യസ്നേഹികളുടെ നിസ്വാര്‍ഥമായ നിത്യയജ്ഞത്തിന്‍െറ മറ്റൊരു സായാഹ്നം തുടങ്ങുകയാണ്.
പല ഭാഗത്തുനിന്നായി സുമനസ്സുകള്‍ സംഭാവന ചെയ്തതും വാങ്ങിയതുമായ വെള്ളവും ഈത്തപ്പഴവും പഴവര്‍ഗങ്ങളും ലബാനുമെല്ലാം ട്രക്കുകളില്‍ നിന്നിറക്കി സൂക്ഷിക്കുന്നത് ഈ കെട്ടിടത്തിലാണ്. അവിടെ നിന്ന് 30 ഓളം കേന്ദ്രങ്ങളിലേക്ക് ആളുകളുടെ എണ്ണം കണക്കാക്കി സാധനങ്ങള്‍ തരം തിരിച്ചത്തെിക്കണം. ഇതിനായി 300 ലേറെ വളണ്ടിയര്‍മാരാണ് ദിവസവും സജീവമാകുന്നത്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വക്കീലന്‍മാരും കമ്പനി ഉടമകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റു പ്രഫഷണലുകളും മുതല്‍ സാധാരണ തൊഴിലാളികള്‍ വരെയുണ്ട് ഇതില്‍. വീട്ടില്‍ കുടുംബത്തോടൊപ്പം വിഭവ സമൃദ്ധമായ നോമ്പുതുറകള്‍ ഒഴിവാക്കിയാണ് ഇവര്‍ ഈ സേവനത്തിന് സ്വമേധയാ എത്തുന്നത്. ദുബൈയില്‍ നിന്നും മറ്റു വിദൂര ഭാഗങ്ങളില്‍ നിന്നും  ജോലി കഴിഞ്ഞ് നോമ്പിന്‍െറ ക്ഷീണം മറന്ന് നേരെ സജയിലേക്ക് പുറപ്പെടുമ്പോള്‍  പേരോ പ്രശസ്തിയോ വേതനമോ ഒന്നുമല്ല ദൈവപ്രീതി മാത്രമാണ് അവരുടെ ലക്ഷ്യം.
11 വര്‍ഷം മുമ്പ് ഏതാനും യുവാക്കള്‍ക്ക് യാദൃശ്ചികമായുണ്ടായ അനുഭവമാണ് ഈ സദുദ്യമത്തിന് വിത്തിട്ടത്. 2005ലെ നോമ്പുകാലത്ത് മഗ്രിബ് നമസ്കാരത്തിനായി  പുറപ്പെട്ട ചൈല്‍ഡ് കെയര്‍ ആന്‍ഡ് ഇസ്ലാം അഫയേഴ്സ് (സി.സി.ഐ.എ) പ്രവര്‍ത്തകരായ സംഘത്തിന്, ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നോമ്പുതുറക്കാനാകാത്ത കുറെ പാവങ്ങളെ  പള്ളിക്ക് പുറത്ത് കാണാനായി. അപ്പോള്‍ തന്നെ സമീപത്തെ പാക് റസ്റ്റോറന്‍റില്‍ നിന്ന് 15 ബിരിയാണി വാങ്ങി അവര്‍ക്ക് നല്‍കി. ഇതായിരുന്നു തുടക്കം. അടുത്ത ദിവസങ്ങളിലൂം ഇവര്‍ക്ക് സംഘം ഭക്ഷണമത്തെിച്ചു. ചെറിയൊരു അന്വേഷണത്തില്‍ തന്നെ സമീപപ്രദേശങ്ങളിലെല്ലാം ഇത്തരം പട്ടിണിക്കാരുണ്ടെന്ന് മനസ്സിലായി. അതോടെ തങ്ങള്‍ക്ക് മാത്രമായി ഇവരുടെ വിശപ്പ് മാറ്റാന്‍ സാധിക്കില്ളെന്ന് യുവാക്കള്‍ക്ക് മനസ്സിലായി. അന്ന് സോണാപൂര്‍ ലേബര്‍ ക്യാമ്പില്‍ കാറ്ററിങ് സര്‍വീസ് നടത്തുന്ന പരിചയക്കാരനായ ഈസാ അനീസിനെ അവര്‍ സമീപിച്ചു.  ദിവസം 50 പേര്‍ക്കുള്ള ഭക്ഷണം അദ്ദേഹം വഴി ലഭിച്ചു. ആ വര്‍ഷം 150 പേര്‍ക്കുള്ള ഭക്ഷണം സംഘം റമദാനില്‍ എത്തിച്ചുനല്‍കി. അടുത്ത വര്‍ഷം ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ റെഡ്ക്രസന്‍റിനെ സമീപിച്ചു. അവര്‍ ദാനധര്‍മങ്ങള്‍ ധാരാളമായി ചെയ്യുന്ന മറ്റൊരു അറബിയെ പരിചയപ്പെടുത്തി. അദ്ദേഹം ഇവരെ സഹായിക്കാന്‍ തയാറായിരുന്നു. പക്ഷെ ഭക്ഷണം അര്‍ഹരായവര്‍ക്ക് തന്നെ എത്തണമെന്ന കാര്യത്തില്‍ അദ്ദേഹം കണിശക്കാരനായിരുന്നു. അന്ന് ഈ സംഘത്തോടൊപ്പം ചേര്‍ന്ന ആ സ്വദേശി തന്നെയാണ് ഇന്ന് വിപുലമായ നോമ്പുതുറയൊരുക്കുന്ന വലിയകൂട്ടത്തിന്‍െറ പ്രധാന സഹായഹസ്തം. ഓരോ വര്‍ഷവും നോമ്പുതുറക്കാനത്തെുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനനുസരിച്ച് അദ്ദേഹത്തിന്‍െറ സഹായവും കൂടിക്കൊണ്ടിരുന്നു. തന്‍െറ ഉദ്ദേശ്യം പാളുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ ക്യാമ്പുകളില്‍ അദ്ദേഹം നേരിട്ടത്തെും. തൊഴിലാളികള്‍ക്ക് ഒപ്പമിരുന്ന് നോമ്പുതുറക്കും. 15 ക്യാമ്പുകളിലേക്കുള്ള കോഴിബിരിയാണി ദിവസവും എത്തിക്കുന്നത് ഇദ്ദേഹമാണ്. അഞ്ചു അടുക്കളകളിലായാണ് ഇവ പാചകം ചെയ്യുന്നത്. വെള്ളവും പഴവര്‍ഗങ്ങളും ബാക്കി ക്യാമ്പുകളിലേക്കുള്ള ബിരിയാണിയുമെല്ലാം മറ്റു വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചുനല്‍കുന്നു.
നോമ്പുതുറക്കാനത്തെുന്നവരുടെ എണ്ണം കൂടിയതോടെ സംഘാടനത്തിനായി സി.സി.ഐ.എയെ സഹായിക്കാന്‍  കെ.വൈ.സി.സിയും യൂത്ത് ഇന്ത്യയും ചേര്‍ന്നു. പിന്നീട് കെ.വൈ.സി.സിക്ക് പകരം പ്രവാസി ഇന്ത്യ ചേര്‍ന്നു. ഈ മൂന്നു സംഘടനകളുടെ കൂട്ടായ്മയിലാണ് ഇന്ന് വിപുലമായി നോമ്പുതുറ ഒരുക്കുന്നത്.  ഫാറൂഖ് കോളജ് അലുംനി (ഫോസ), അല്‍ അമാന ഫാമിലി ഫോറം, അന്‍സാര്‍ കോളജ് അലുംനി, എം.ഇ.എസ് കുറ്റിപ്പുറം അലുംനി, ചേന്ദമംഗലൂര്‍ എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍, മിസ്ബാഹ് എന്നീ സംഘടനകള്‍ വര്‍ഷങ്ങളായി ഇവരുമായി സഹകരിക്കുന്നു.  ബട്കല്‍ അന്‍ജുമാന്‍ എന്‍ജിനീയറിങ് കോളജ് അലുംനിയും പ്രവാസി വയനാടും ഈ കൂട്ടത്തിലേക്ക് പുതുതായി ചേര്‍ന്നവരാണ്. രണ്ടു ക്യാമ്പുകളിലെ 700 ഓളം പേരുടെ നോമ്പുതുറ പൂര്‍ണമായി ‘ഫോസ’ ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യ വര്‍ഷം 150 പേര്‍ക്കത്തെിച്ച ഭക്ഷണം ഈ വര്‍ഷം ദിവസം 11,000 ത്തിലേറെ പേര്‍ക്കായി വളര്‍ന്നിരിക്കുന്നു. ദിവസമെന്നോണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം മൊത്തം 2.35 ലക്ഷം പേരാണ് നോമ്പുതുറന്നത്. ഈ വര്‍ഷം അത് മൂന്നു ലക്ഷം കവിയുമെന്നുറപ്പായി. 34 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം ഇഫ്താര്‍ ഒരുക്കുന്നത്. 29 എണ്ണം സജയിലും മൂന്നെണ്ണം ഡി.ഐ.പിയിലും ഒന്നു വീതം അവീറിലും അജ്മാനിലും.
ഇത്രപേര്‍ക്കുള്ള ഭക്ഷണം കുറഞ്ഞ സമയം കൊണ്ട്  ഓരോ ക്യാമ്പിലുമത്തെിച്ച് വിതരണം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തക സംഘത്തിലാണ് സംഘടനകള്‍ പങ്കാളികളാകുന്നത്. സ്വയം സേവകരായി എത്തുന്നവരുമുണ്ട്. സ്വന്തം വാഹനവുമായി എത്തി, തങ്ങളെ ഏല്‍പ്പിച്ച ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുമെടുത്ത് കുതിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍. ക്യാമ്പിലത്തെി സുപ്ര വിരിച്ച് ബിരിയാണിയും ഈത്തപ്പഴവും പഴങ്ങളും പ്ളേറ്റില്‍ വിളമ്പി ഒരുക്കിവെക്കുന്നു.  90  മുതല്‍ 1500 പേര്‍ വരെ ഭക്ഷണം കഴിക്കാനത്തെുന്ന ക്യാമ്പുകളുണ്ട്. ഇവിടേക്ക്  അഞ്ചു മുതല്‍ 45 പേര്‍ വരെയുള്ള വളണ്ടിയര്‍ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. എല്ലായിടത്തും രണ്ടു ചുമതലക്കാരുണ്ടാകും. വ്യത്യസ്ത സംഘടനകളും ആശയങ്ങളുമെല്ലാമുള്ളവരാണെങ്കിലും  ഒരേ മനസ്സോടെ പാവങ്ങള്‍ക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന മനോഹര കാഴ്ചയാണ് സജയില്‍ കാണാനാവുക.
ഒട്ടിയ വയറും കുഴിഞ്ഞ മുഖവും കഠിനാധ്വാനം ചെയ്ത് തളര്‍ന്ന ശരീരവുമായി കുറെ മനുഷ്യര്‍ അവിടെ കാത്തുനില്‍പ്പുണ്ടാകും. കൂടുതലും ബംഗ്ളാദേശികളും പാകിസ്താനികളുമാണ്. പിന്നെ ഇന്ത്യക്കാരും. വിവിധ മതക്കാരാണിവര്‍. തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുന്ന തങ്ങളോടുള്ള വലിയൊരു കാരുണ്യമാണിതെന്ന് അവരുടെ മുഖം വിളിച്ചുപറയുന്നുണ്ട്.
ഇവരുടെ വയറു നിറക്കാന്‍ പാടുപെടുന്ന ഈ സംഘത്തില്‍ പലരും നോമ്പുതുറക്കുന്നത് ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ചാണ്്. ഭക്ഷണം വിളമ്പിയ സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കി പരിസരമെല്ലാം ശുചിയാക്കി പ്രധാന കേന്ദ്രത്തില്‍ തിരിച്ചത്തെുന്ന ഇവരെ കാത്ത് ചായയും പരിപ്പുവടയുമുണ്ടാകും. അതുംകഴിച്ച് പിറ്റേന്നത്തെ ഷെഡ്യൂള്‍ ക്രമീകരിച്ചേ വളണ്ടിയര്‍ സംഘം തിരിച്ചുപോകൂ. വ്യക്തമായ ആസൂത്രണവും  കണക്കുമെല്ലാമായാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും എത്തുന്നതും വിതരണം ചെയ്യുന്നതുമായ ഭക്ഷ്യവിഭവങ്ങളുടെ കണക്കും കഴിച്ചയാളുകളുടെ എണ്ണവും രാത്രി വിലയിരുത്തിയാണ് പിറ്റേന്നത്തേക്ക് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കുന്നത്.
പുതിയ കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കണമെന്ന അഭ്യര്‍ഥനകള്‍ ദിനേനയെന്നോണം ലഭിക്കുന്നുണ്ടെന്ന് ഇതിനെല്ലാം നേതൃത്വം വഹിക്കുന്ന ഈസാ അനീസ് പറയുന്നു. അവിടേക്ക് രണ്ട്പേരെ അന്വേഷണത്തിനയച്ച് അവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വിജയ്, ബഷീര്‍ ആലത്ത്, സാബിര്‍, യൂനുസ് എന്നിവരാണ് സംഘത്തിന്‍െറ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലെ മറ്റംഗങ്ങള്‍.
സേവനത്തിന് സന്നദ്ധരായും കൂടുതല്‍ സംഘടനകള്‍ മുന്നോട്ടുവരുന്നുണ്ട്. കുട്ടികളില്‍ കാരുണ്യ മനോഭാവം വളര്‍ത്തുന്നതിനായി ദുബൈയിലെയും ഷാര്‍ജയിലെയും ചില സ്കൂളുകളും കോളജുകളും കുട്ടികളെ സേവനത്തിന് അയക്കുന്നതാണ് പ്രോത്സാഹനജനകമായ മറ്റൊരു കാര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story