ശൈഖ് സായിദ് റോഡിൽ 700മീറ്റർ റോഡ് വിപുലീകരണം പൂർത്തിയായി
text_fieldsശൈഖ് സായിദ് റോഡിൽ വിപുലീകരണം പൂർത്തിയാക്കിയ ഭാഗം
ദുബൈ: ശൈഖ് സായിദ് റോഡിൽ 700മീറ്റർ റോഡ് വിപുലീകരണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉമ്മുൽ ശരീഫ് സ്ട്രീറ്റ് എക്സിറ്റിന് സമീപത്താണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂർത്തിയായതോടെ ഈ ഭാഗത്ത് റോഡിലെ ലൈനുകളുടെ എണ്ണം ആറിൽ നിന്ന് ഏഴായി.
ഇതോടെ മണിക്കൂറിൽ ഈ ഭാഗത്ത് 14,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമുണ്ടാകും. നേരത്തെയുള്ളതിനേക്കാൾ 16 ശതമാനമാണ് ശേഷി വർധിച്ചിരിക്കുന്നത്.
ദുബൈയിലുടനീളം ഗതാഗതം സുഗമമാക്കാനും കാര്യക്ഷമമാക്കാനുമുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. ഗതാഗതക്കുരുക്ക് കുറക്കാനും എളുപ്പത്തിലും സുഖകരവുമായ യാത്ര ഉറപ്പാക്കാനും നവീകരണം സഹായിക്കും.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഹൈവേയാണ് ശൈഖ് സായിദ് റോഡ്. നിരവധി താമസ മേഖലകൾ, സ്കൂളുകൾ, ദുബൈ ഇനറർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ, ബുർജ് ഖലീഫ, ദുബൈ മാൾ അടക്കമുള്ള പ്രമുഖ വാണിജ്യ,സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവ റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
ആഗോള കമ്പനികൾ, ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയും റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആർ.ടി.എ നടപ്പിലാക്കിയ പുതിയ നവീകരണം റോഡിലെ ഈ മേഖലയിലെ യാത്രാ സമയം കുറക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.