സുരക്ഷയിൽ അബൂദബി 9 ാം തവണയും ഒന്നാമത്
text_fieldsഅബൂദബി: തുടര്‍ച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ തിരഞ്ഞെടുത്തു. ആഗോള സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റായ നംബിയോ തയ്യാറാക്കിയ ആഗോള സുരക്ഷാ സൂചിക 2025ലാണ് അബൂദബി ഒന്നാമതെത്തിയത്. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അധിവസിക്കുന്ന പ്രദേശം സുരക്ഷിതവും സുസ്ഥിരവും ഉയര്‍ന്ന ജീവിത നിലവാര സാഹചര്യവും ഒരുക്കിയാണ് സുപ്രധാന നേട്ടം കൈവരിച്ചത്. 100ല്‍ 85.2 പോയിന്റുകളാണ് സുരക്ഷാസൂചികയില്‍ അബൂദബിക്ക് ലഭിച്ചത്. താമസക്കാര്‍ക്കും പൗരന്മാര്ക്കും ഒരേ പോലെ സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിലുള്ള അബൂദബിയുടെ പരിശ്രമങ്ങളുടെ പ്രതിഫലനം കൂടിയായി ആഗോള സുരക്ഷാ സൂചികയിലെ ഈ നേട്ടം. 2017 മുതലാണ് അബൂദബി പട്ടികയില്‍ ഒന്നാമതെത്താന്‍ തുടങ്ങിയത്.
2024ല്‍ 329 നഗരങ്ങളുടെ പട്ടികയിലാണ് അബൂദബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി സ്വന്തമാക്കിയത്. കുറ്റകൃത്യ സൂചിക, സുരക്ഷാ സൂചിക, ജീവിത നിലവാരം, രാഷ്ട്രീയവും സുരക്ഷിതവുമായ സ്ഥിരത, ഫലപ്രദമായ നിയമം നടപ്പാക്കല്‍ തുടങ്ങിയ ഘടകങ്ങളാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്.11.25 പോയിന്റ് എന്ന ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കിലൂടെയാണ് അബൂദബി പട്ടികയില്‍ ഒന്നാമതെത്തിയത്. ദോഹ പട്ടികയില്‍ രണ്ടാമതും തായ്പേയി മൂന്നാമതും ദുബൈ നാലാമതും മസ്കത്ത് അഞ്ചാമതുമെത്തി.
ചെക് റിപബ്ലിക്കിലെ പ്രാഗ്(24.61), ചൈനയിലെ ബെയ്ജിങ്(25.77), ആസ്ത്രേലിയയിലെ സിഡ്നി(34.22), ജര്‍മനിയിലെ ബെര്‍ലിന്‍(44.61), യുഎസിലെ ന്യൂയോര്‍ക്ക്(51.05), യു.കെയിലെ ലണ്ടന്‍(55.34), ഇന്ത്യയിലെ ഡല്‍ഹി(59.02), ബ്രസീലിലെ റിയോ ഡി ജനീറോ(75.24)എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കുറ്റകൃത്യ നിരക്ക്. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഒന്നാമതെത്തിയിരുന്നു. 85.2പോയിന്റുകൾ നേടിയാണ് യു.എ.ഇ ഒന്നാം സ്ഥാനം കൈവരിച്ചത്. പട്ടികയിൽ അൻഡോറ രണ്ടാം സ്ഥാനവും ഖത്തർ മൂന്നാം സ്ഥാനവും നേടി. നേരത്തെ ലോകത്തിലെ ആദ്യ 10 സുരക്ഷിത നഗരങ്ങളില്‍ യു.എ.ഇയില്‍ നിന്ന് അബൂദബിക്കു പുറമേ ദുബൈ, ഷാര്‍ജ എന്നിവയും ഇടംപിടിച്ചിരുന്നു. അക്രമം, പിടിച്ചുപറി, വസ്തുവകകള്‍ നശിപ്പിക്കല്‍, ശാരീരികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കുറവോ അഭാവമോ വിലയിരുത്തിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയ്യാറാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.