അക്കാദമിക രേഖകളിൽ പൊരുത്തക്കേട്; അബൂദബിയിൽ 12 സ്വകാര്യ സ്കൂളുകൾക്ക് പ്രവേശന വിലക്ക്
text_fieldsഅബൂദബി: അക്കാദമിക് സമഗ്രത ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) എമിറേറ്റിലെ 12 സ്വകാര്യ സ്കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം താല്‍ക്കാലികമായി തടഞ്ഞു. അക്കാദമിക് റെക്കോഡുകളിലെ പൊരുത്തക്കേടുകളും വിദ്യാഭ്യാസ നിലവാരം പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നല്‍കുന്നതും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കുട്ടികളുടെ പ്രകടനത്തിന്റെയും പഠനനിലവാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമാണ് ഗ്രേഡുകളെന്ന് ഉറപ്പാക്കുന്ന അഡെക്കിന്റെ പദ്ധതിയുടെ ആദ്യഘട്ട നടപടിയാണ് സ്കൂളുകള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ആഭ്യന്തര സ്കൂള്‍ ഗ്രേഡും പൊതു പരീക്ഷയിലെ പ്രകടനവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
ഗ്രേഡുകള്‍ വാരിക്കോരി നല്‍കുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ തെറ്റായി പ്രതിനിധാനം ചെയ്യുക മാത്രമല്ല ചെയ്യുന്നതെന്നും മറിച്ച് വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ന്യായമായ അക്കാദമിക് മത്സരം പിരമിതപ്പെടുത്തുകയുമാണെന്നും അഡെക് വ്യക്തമാക്കി.നടപടി സ്വീകരിക്കപ്പെട്ട സ്കൂളുകള്‍ 12ാം തരത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും നോട്ടുകള്‍, ഗ്രേഡിങ് രീതികള്‍, മൂല്യനിര്‍ണയ സാമ്പിളുകള്‍ തുടങ്ങിയ വിശദമായ അക്കാദമിക് രേഖകള്‍ അഡെക് മുമ്പാകെ സമര്‍പ്പിക്കണം. ഗ്രേഡുകള്‍ നല്കിയതിന്റെയും കുട്ടികളുടെ അക്കാദമിക് പ്രകടനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തിരിച്ചറിയാനായാണിത്. ഓരോ വിദ്യാര്‍ഥിയും ബിരുദ യോഗ്യത നേടേണ്ടത് യഥാര്‍ഥ അക്കാദമിക് നേട്ടത്തിലൂടെയാണെന്നും അമിതമായ സ്കോറുകളിലൂടെയോ വിശ്വസനീയമല്ലാത്ത ആന്തരിക വിലയിരുത്തലുകളിലൂടെയോ അല്ലെന്നും അഡെക് പറഞ്ഞു. വൈകാതെ ഈ പരിശോധന 9ാം തരം മുതല്‍ 11ാം തരം വരെ നീട്ടും. ഈ ഘട്ടത്തില്‍ കുട്ടികളുടെ ഇന്റേണല്‍ ഗ്രേഡുകളും പൊതു പരീക്ഷയിലെയും ഫലങ്ങള്‍ താരതമ്യം ചെയ്യും. ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്കൂളുകള്‍ക്കെതിരേ അഡെക് നടപടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.