‘അഡിഹെക്സി’ന് അബൂദബിയിൽ ഉജ്വല തുടക്കം
text_fields‘അഡിഹെക്സ്’ വേദിയിലെ പ്രദർശന പവലിയനുകളിലൊന്ന്
അബൂദബി: 22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്‌സിബിഷ(അഡിഹെക്‌സ്)ന് അബൂദബി അഡ്‌നക് സെന്ററിൽ തുടക്കമായി. ‘മെന’ മേഖലയിലെ ഏറ്റവും ബൃഹത്തായ പ്രദർശനമാണ് അൽ ദഫ്റ റീജിയനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് ഫാൽകണേഴ്‌സ് ക്ലബ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷകർതൃത്വത്തിന് കീഴിൽ അഡ്‌നക് സെന്ററിൽ സെപ്റ്റംബർ ഏഴ് വരെ അരങ്ങേറുന്നത്.
ഫാൽകണേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് അഡ്‌നക് ഗ്രൂപ്പാണ് അഡിഹെക്‌സ് സംഘടിപ്പിക്കുന്നത്. ഫാൽകൺറി, വേട്ട, കുതിരസവാരി, മത്സ്യബന്ധനം, ഔട്ട് ഡൗർ സ്‌പോർട്‌സ് എന്നീ മേഖലകളിലെ ഇമാറാത്തി പൈതൃകവും സംസ്‌കാരവുമാണ് പ്രധാനമായും ആഘോഷിക്കുന്നത്. ഇതുവരെ നടന്ന എക്‌സിബിഷനുകളിൽ വച്ചേറ്റവും വലിയതാണ് ഇത്തവണത്തേത്. 92,000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ അഡിഹെക്‌സ് വേദി. മുൻ തവണത്തേതിനേക്കാൾ 7 ശതമാനമാണ് വിസ്തൃതി ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. പുതിയ 11 രാജ്യങ്ങളടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്‌സിൽ പങ്കെടുക്കുന്നത്.
ഒട്ടകം, അറേബ്യൻ സലൂകി, കത്തികൾ, സൂഖ് എന്നിങ്ങനെ നാലു പുതിയ മേഖലകൾ ഇത്തവണ പ്രദർശനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ഫാൽകണുകളുടെ ലേലവും ഒട്ടക ഓട്ടവും കുതിര ഷോകളും അടക്കമുള്ള വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. 15 മേഖലകളിൽ നിന്നുള്ള മുൻനിര കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. പുറമേ സെമിനാറുകളും ചർച്ചകളും മൽസരങ്ങളുമൊക്കെ നടത്തുന്നുണ്ട്. യു.എ.ഇയുടെ സംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുതുതലമുറക്ക് അത് കൈമാറുന്നതിനുമായാണ് വർഷം തോറും അഡിഹെക്‌സ് സംഘടിപ്പിച്ചുവരുന്നത്.
യു.എ.ഇയിൽ നിന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി നൂറുകണക്കിനു പേരാണ് അഡിഹെക്‌സ് വേദിയിലെത്തി ലേലത്തിലും മറ്റും പങ്കുചേരുന്നത്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദർശനമാണിത്. ഫാൽക്കൺറി, വേട്ടയാടൽ, ഷൂട്ടിങ്, കടൽ വേട്ട, കുതിരസവാരി, ഔട്ട്ഡോർ വിനോദം അടക്കം വ്യത്യസ്ത സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഏറ്റവും നൂതന സാങ്കേതികവിദ്യകളും പുത്തൻ ട്രൻഡുകളും എക്സിബിഷനുകളുടെ പ്രത്യേകതയാണ്. പ്രൊഫഷണൽ ഫാൽക്കണർമാരുടെയും കുതിരപ്പടയാളികളുടെയും അസാധാരണമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ആവേശകരമായ ഷോകൾ മേളക്ക് കൊഴുപ്പേകും. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, രുചികരമായ വിഭവങ്ങൾ എന്നിവയും മേളയിൽ ഒരുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.