നാല് യു.എ.ഇ-കോഴിക്കോട് വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തുന്നു
text_fieldsദുബൈ: യു.എ.ഇയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് എയർ ഇന്ത്യ നിർത്തുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ് നിർത്തുന്നത്. ഈ സർവീസുകൾ പൂർണമായും നിർത്തുന്നതിന്‍റെ ഭാഗമായാണോ ബുക്കിങ് അവസാനിപ്പിക്കുന്നതെന്നും സംശയമുണ്ട്.
മാർച്ച് 27 മുതൽ ഈ സർവീസുകളുടെ ബുക്കിങ് സ്വീകരിക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് ട്രാവൽ ഏജന്‍റുമാർക്ക് സന്ദേശം ലഭിച്ചു. ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് സർവീസ് നടത്തുന്ന എ.ഐ 937, ഷാർജയിൽ നിന്ന് സർവീസ് നടത്തുന്ന എ.ഐ 997 എന്നിവയാണ് ബുക്കിങ് അവസാനിപ്പിക്കുന്നത്. ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബൈ, ഷാർജ സർവീസുകളും ബുക്കിങ് സ്വീകരിക്കില്ല. നിലവിൽ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്ന് ഈ വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക എയർ ഇന്ത്യ വിമാനമാണ് ബുക്കിങ് അവസാനിപ്പിക്കുന്നത്. മാർച്ച് 27 മുതൽ ‘നോ ൈഫ്ലറ്റ്’ എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. രാത്രി 11.45നാണ് ഈ വിമാനം പുറപ്പെട്ടിരുന്നത്.
വിമാന സർവീസുകൾ കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്കിലുള്ള യാത്രക്കാരുടെ ആശ്രയമാണ് ഈ വിമാനങ്ങൾ. ഇത് സർവീസ് അവസാനിപ്പിച്ചാൽ മറ്റ് വിമാനങ്ങൾ നിരക്കുയർത്താനും സാധ്യതയുണ്ട്. സ്വകാര്യവത്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് സൂചനയുണ്ട്.
വിമാനങ്ങൾ നിർത്തരുതെന്ന് കെ.എം.സി.സി
ദുബൈ: ഗൾഫിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിർത്തരുതെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സി നേതാക്കൾ. എയർ ഇന്ത്യയുടെ തീരുമാനം പ്രവാസികളെ കഷ്ടപ്പെടുത്തും. സ്വകാര്യവൽക്കരണം മൂലമുണ്ടാവുന്ന ദുരിതം പ്രവാസികളെയാണ് ബാധിക്കുന്നത്. എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് നിർത്തരുതെന്ന ആവശ്യവുമായി വെള്ളിയാഴ്ച പ്രതിപക്ഷ എം.പിമാർ വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി എന്നിവർ കെ.എം.സി.സിയുടെ ആവശ്യം പരിഗണിച്ച് വ്യോമയാന മന്ത്രിയെ കാണുന്നുണ്ടെന്നും നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.