വ്യോമപാതയിൽ തിരക്ക്; വിമാന സർവിസുകൾ റദ്ദാക്കുന്നു; കേരളത്തിൽ നിന്ന് ആറ് സർവിസുകൾ റദ്ദാക്കി
text_fieldsദുബൈ: ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ വിവിധ സർവിസുകൾ റദ്ദാക്കി. വിവിധ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില സർവിസുകളുടെ സമയം മണിക്കൂറുകളോളം വൈകുന്നുമുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറപ്പെടേണ്ട കണ്ണൂർ -ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തെയുള്ള സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്.
ബുധനാഴ്ച പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള സർവീസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടും.
ബഹ്‌റൈൻ- കോഴിക്കോട്, കോഴിക്കോട്- ബഹ്‌റൈൻ സർവിസും റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി. അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാകും. പ്രത്യേകിച്ച് ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ് എന്നതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.