അജ്മാൻ നാണയ, സ്റ്റാമ്പ് എക്സിബിഷൻ ഇന്നുമുതൽ; പ്രദര്‍ശനത്തിൽ 10,000ലധികം അപൂർവ ഇനങ്ങൾ
text_fieldsഅജ്മാന്‍: അജ്മാന്‍ വിനോദ സഞ്ചാര വകുപ്പിന്‍റെ കീഴില്‍ നടക്കുന്ന ആറാമത് നാണയ, സ്റ്റാമ്പ് പ്രദര്‍ശനത്തിന് ബുധനാഴ്ച തുടക്കമാകും. ബഹി അജ്മാൻ പാലസ് ഹോട്ടലില്‍ നടക്കുന്ന അജ്മാൻ ടൂറിസം ഫിലാറ്റലിക്ക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന്‍ സെപ്റ്റംബർ ഏഴുവരെ നീളും. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം അപൂർവ ഇനങ്ങൾ പ്രദർശനത്തിലുണ്ടാകും. സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ലോകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശിൽപശാലകളും വിദ്യാഭ്യാസ പ്രഭാഷണങ്ങളും എക്സിബിഷനിൽ ഉൾപ്പെടുന്നു.
എമിറേറ്റുകളുടെ സമഗ്രമായ ചരിത്രവും പുരോഗതിയും അടയാളപ്പെടുത്തുന്ന അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം പ്രദർശനത്തിനുണ്ടാകും. നിരവധി പ്രദർശകരും ഡീലർമാരും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ അംഗങ്ങളിൽനിന്നും മറ്റ് കൂട്ടായ്മകളില്‍ നിന്നുമുള്ള അപൂർവവും വ്യത്യസ്തവുമായ തപാൽ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരങ്ങൾ പ്രദർശനത്തിനുണ്ട്.
യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും തപാൽ ചരിത്രവും ഉയർത്തിക്കാട്ടാനാണ് ഈ പരിപാടിയിലൂടെ വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. സമാഹര്‍ത്താക്കള്‍ക്ക് അവരുടെ ശേഖരം വിപുലീകരിക്കുന്നതിന് അതുല്യമായ സ്റ്റാമ്പുകളും നാണയങ്ങളും ആഭരണങ്ങളും സ്വന്തമാക്കാൻ പ്രദര്‍ശനം മികച്ച അവസരം നൽകുന്നു. വിലപിടിപ്പുള്ളതും അപൂർവവുമായവ ഉയർന്ന വിലക്ക് വിൽക്കുന്നതിനുള്ള ലേലവും നടത്തുന്നുണ്ട്. യു.എ.ഇയുടെ ചരിത്രത്തിന്‍റെ ഭാഗമായ തപാൽ സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അപൂർവ ശേഖരങ്ങൾ പ്രദർശനത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

