വെള്ളാർമല സ്കൂൾ പുനർനിർമാണത്തിൽ പങ്കാളികളായി എ.കെ.എം.ജി
text_fieldsഎ.കെ.എം.ജി ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമാണത്തിൽ പങ്കാളികളായി യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ്. വെള്ളാർമല സർക്കാർ വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാലയത്തിൽ രണ്ട് ക്ലാസ് മുറികൾ ബിൽഡേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കി കൈമാറിയതായി ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ തുടർച്ചയായി ചോദ്യപേപ്പർ ചോർച്ച സംഭവിക്കുന്നത് മെഡിക്കൽ രംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ചോദ്യത്തിന് മറുപടിയായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കൂട്ടായ്മയുടെ 11ാമത് പ്രസിഡൻറായി ഡോ. സുഗു കോശി (ഉമ്മുൽഖുവൈൻ) ഏപ്രിൽ 27ന് റാസൽഖൈമ കൾചറൽ ഡെവലപ്മെൻറ് സെന്ററിൽ നടക്കുന്ന ‘മറായ 2025’ കൺവെൻഷനിൽ സ്ഥാനമേറ്റെടുക്കുമെന്നും അറിയിച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ മുഖ്യാതിഥിയാകും. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമ്മേളനത്തിൽ സമ്മാനിക്കും. സുവനീർ പ്രകാശനം നടി അനാർക്കലി മരിക്കാർ നിർവഹിക്കും. സമ്മേളനത്തിൽ പുതിയ സെക്രട്ടറി, ട്രഷറർ എന്നിവരോടൊപ്പം കേന്ദ്ര സമിതി അംഗങ്ങളും ഏഴ് റീജ്യനുകളുടെ ചെയർപേഴ്‌സനുകളും 2027-29ലെ നിയുക്ത പ്രസിഡന്റ് ഡോ. സഫറുല്ലാഖാനും സ്ഥാനമേൽക്കും.
അടുത്ത രണ്ട് വർഷത്തേക്കുള്ള ‘സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷം’ എന്ന പ്രസിഡൻഷ്യൽ തീമിന്റെ ഔപചാരികമായ ഉദ്ഘാടനം എ.കെ.എം.ജി മുൻ പ്രസിഡൻറ് ഡോ. പി.എം. സിറാജുദ്ദീൻ നിർവഹിക്കും. മുൻപ്രസിഡൻറ് ഡോ. സണ്ണി കുര്യനും 2027 -29 നിയുക്ത പ്രസിഡന്റ് ഡോ. സഫറുല്ലാഖാനും ആശംസാപ്രസംഗം നടത്തും. കൺവെൻഷന്റെ ഭാഗമായി ഏപ്രിൽ 25 വെള്ളിയാഴ്ച ദുബൈ ദേര ഹയാത്ത് റീജൻസി ഹോട്ടലിൽ അന്താരാഷ്‌ട്ര മെഡിക്കൽ കോൺഫറൻസും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. പി.എം. സിറാജുദ്ദീൻ, ഡോ. ജോർജ് ജേക്കബ്, ഡോ. സണ്ണി കുര്യൻ, ഡോ. ഫിറോസ് ഗഫൂർ, ഡോ. സഫറുല്ല ഖാൻ, ഡോ. നിർമല രഘുനാഥൻ, ഡോ. ജോർജ് ജോസഫ്, ഡോ. ആസിഫ് പി.എ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. സുഗു എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.