അൽ ഹംരിയ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായി
text_fieldsഷാർജ: എമിറേറ്റിലെ അൽ ഹംരിയയിൽ പ്രകൃതിവാതക പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അറിയിച്ചു.ഉയർന്ന സാങ്കേതിക വിദ്യയും എൻജീനിയറിങ് നിലവാരവുമനുസരിച്ചാണ് വടക്കു-പടിഞ്ഞാറ് ഭാഗത്ത് 89 കിലോമീറ്റർ പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കുന്ന പദ്ധതി പൂർത്തീകരിച്ചത്. 1.4 കോടി ദിർഹമാണ് പദ്ധതിയുടെ ചെലവ്. 1,655 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും എമിറേറ്റിലെ സുസ്ഥിര വികസനത്തെ പിന്തുണക്കുകയും ചെയ്യും.
എമിറേറ്റിലെ ജനങ്ങൾ സംയോജിതവും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന് കീഴിലാണ് പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നത്. ഷാർജയിലെ വ്യത്യസ്ത മേഖലകളിലുടനീളം പദ്ധതി വ്യാപിപ്പിക്കുന്നത് തുടരുമെന്ന് സേവയുടെ പ്രകൃതിവാതക ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജീനിയർ ഇബ്രാഹിം അൽ ബൽഗൗനി പറഞ്ഞു. താമസ, വാണിജ്യ, വ്യവസായ മേഖലകളിൽ ശുദ്ധവും കുറഞ്ഞ ചെലവിലുള്ളതുമായ ഇന്ധനം അനുവദിക്കുന്നതിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജം വാഗ്ദാനം ചെയ്യുന്നതിന് അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.