അംജദ് നാട്ടിലെത്തി; ഒരു കുഞ്ഞുജീവൻ രക്ഷിക്കാൻ
text_fieldsഅംജദ്
അജ്മാന്: മഹാരോഗത്തിന്റെ പിടിയിൽ മരണത്തോട് മല്ലടിക്കുന്ന പത്തുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ അജ്മാനിൽനിന്ന് അംജദ് നാട്ടിലെത്തി. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും ഒരു കുഞ്ഞുജീവൻ തിരിച്ചു പിടിക്കാൻ അയാൾ തന്റെ ജീവൻ പകുത്തുനൽകും. അതുവഴി അവൻ വീണ്ടും ജീവിതത്തിൽ പുഞ്ചിരിതൂകും. പത്തുവയസ്സുകാരന് ബോൺ മാരോ ശസ്ത്രക്രിയക്കായി മജ്ജ നൽകാനുള്ള തീരുമാനം തികച്ചും യാദൃച്ഛികമായിരുന്നു.
അജ്മാനിലെ ഹാബിറ്റാറ്റ് ഗ്രൂപ്പിൽ ജോലിചെയ്യുന്ന അംജദ് അവിചാരിതമായാണ് 2014ൽ കോഴിക്കോട് മുക്കത്തെ എം.എ.എം.ഒ കോളജിൽ നടന്ന സ്റ്റംസെൽ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അന്ന് അതൊരു സാധാരണ പരിശോധന മാത്രമായിരുന്നെങ്കിലും അംജദിന്റെ മനസ്സില്‍ അന്ന് കയറിക്കൂടിയ ഒരു പ്രതിജ്ഞയുണ്ട്. തന്നെക്കൊണ്ട് ഒരു ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് പുണ്യമാകും. അയാളുടെ ആഗ്രഹംപോലെത്തന്നെ തികച്ചും യാദൃച്ഛികമായി അംജദിന്റെ ഗ്രൂപ് രോഗിയുമായി മാച്ചായി.
ഏതാണ്ട് 10 ലക്ഷത്തോളം സാംപിളുകൾ പരിശോധിച്ച ശേഷമാണ് അംജദിന്റെ ഗ്രൂപ് രോഗിയുമായി മാച്ചാണെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും ഡോക്ടര്‍മാരും അംജദിനെ ബന്ധപ്പെടുകയായിരുന്നു. ദൈവം തന്ന അവസരമാണിതെന്നും അത് സന്തോഷപൂർവം ഏറ്റെടുക്കുകയാണെന്നുമായിരുന്നു അംജദിന്റെ പ്രതികരണം. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ആശുപത്രിയുടെ നിർദേശപ്രകാരം നാട്ടിലെത്തി ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. എല്ലാ ടെസ്റ്റുകളും അനുകൂലമായതിനെ തുടര്‍ന്ന് അജ്മാനിലേക്ക് മടങ്ങി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിശ്ചയിച്ച സമയമായപ്പോള്‍ മജ്ജ മാറ്റിവെക്കല്‍ പ്രക്രിയക്കായി കഴിഞ്ഞ ദിവസമാണ് വീണ്ടും നാട്ടിലേക്ക് മടങ്ങിയത്.
നടപടിക്രമങ്ങളുടെ ഭാഗമായി അടുത്ത ഒരു ആഴ്ചയോളം ആശുപത്രിയിൽ തുടരണം; അതുവഴി ഒരു കുഞ്ഞുജീവന് തണലാകാം, ഒരു കുടുംബത്തിന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിരിയിക്കാം. മരണവുമായി പോരാടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് പ്രകാശമായി മാറുകയാണ് ഈ യുവാവ്. അംജദിന്റെ വലിയ മനസ്സിനെ അഭിനന്ദിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.